ശക്തമായ മഴയ്ക്കൊപ്പം പകർച്ചവ്യാധികളും: സംസ്ഥാനത്ത് കൺട്രോൾ റൂം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ചെയർപേഴ്സണും പ്രിൻസിപ്പൽ സെക്രട്ടറി കോ ചെയർമാനുമായ ആർആർടിയിൽ 25 അംഗങ്ങളാണുള്ളത്. ഇത് കൂടാതെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശ കോൾ സെന്ററിലെ നമ്പരിലേക്കും വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോകോളുകൾ, സംശയ നിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ നിർവഹിക്കുന്നത്.

പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടർമാരുടെ പാനലുള്ള ദിശ കോൾ സെന്റർ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നുകളെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗ പ്രതിരോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറുന്നതാണ്.
അതിശക്തമായ മഴയ്ക്കു സാധ്യത: രണ്ടു ജില്ലകളിൽ റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (മേയ് 22) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. നാളെ (മേയ് 23) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.












Click it and Unblock the Notifications