സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ മേള 13ന് കണ്ണൂരിൽ
കണ്ണൂർ: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പ മേളയും, വനിതാ സംരംഭകത്വ സർട്ടിഫിക്കററ് വിതരണവും ഏപ്രിൽ 13ന് രാവിലെ 10.30ന് കണ്ണൂരിൽ പോലീസ് സഭാ ഹാളിൽ ആരോഗ്യ, സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അദ്ധ്യക്ഷത വഹിക്കും.
വായ്പ വിതരണം പി.കെ. ശ്രീമതി ടീച്ചർ എം.പി. നിർവ്വഹിക്കും. പരിശീലനം നേടിയ വിധവകൾക്ക് സർട്ടിഫിക്കററുകൾ കെ.കെ. രാഗേഷ് എം.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കോർപറേഷൻ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകൾ തുടങ്ങുന്ന സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോർപ്പറേഷൻ വായ്പാസഹായം ചെയ്തു വരുന്നു.
ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും കേരള സർക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ, മൈക്രോ ഫിനാൻസ് വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ അനുവദിക്കുന്നത്. കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹത്തിനും ഈ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന് വളരെ ലളിതമായ രീതിയിൽ വായ്പ ധന സഹായം അനുവദിക്കുന്നതിനുമാണ് എല്ലാ ജില്ലകളിലും കോർപ്പറേഷൻ വായപാ മേളകൾ സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications