ബാങ്ക് വിളി കേട്ടില്ലെന്ന പരാമർശം; 'ലഭിച്ചത് തെറ്റായ വിവരം', വിശദീകരണവുമായി സജി ചെറിയാൻ
കൊച്ചി: സൗദി അറേബ്യയില്‍ പോയപ്പോള്‍ പള്ളികളിൽ നിന്നും ബാങ്കുവിളി കേട്ടില്ലെന്ന പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ. തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്നും എല്ലാവരും തെറ്റിധാരണകൾ മാറ്റണമെന്നും മന്ത്രി പറഞ്ഞു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രിയുടെ കുറിപ്പ് വായിക്കാം
'ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്.

മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു', മന്ത്രി പറഞ്ഞു.
സൗദി അറേബ്യയിലെ പള്ളികളില്‍ മൈക്കിലൂടെ ബാങ്ക് വിളിച്ചാൽ അത് പബ്ലിക് ന്യൂയിസൻസാണെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. 'സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നതെന്ന്. കാരണം, എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ്. ഞാൻ പോയ ഒരിടത്തും ബാങ്കുവിളി കണ്ടില്ല. ഞാൻ നമ്മിടെ കൂടെ വന്ന ആളോട് ചോദിച്ചു പള്ളികളൊക്കെ അടുത്തുണ്ടല്ലോ എന്താ ബാങ്ക് വിളികൾ ഒന്നും കേൾക്കാത്തതത് എന്ന്. അദ്ദേഹം പറഞ്ഞത് പുറത്ത് കേട്ടാൽ വിവരമറിയും എന്നാണ്. ഞാൻ അദ്ഭുതപ്പെട്ടുപോയി. കാരണം അവർക്ക് അവരുടെ വിശ്വാസത്തിന് ബാങ്കുവിളിക്കാൻ അവകാശമുണ്ട്. പക്ഷേ, പൊതു ഇടത്തിൽ ശല്യമാണ്, അത് പാടില്ല. അതാണ് അവിടെ നിയമം.
'ക്രിസ്ത്യന്‍ ചര്‍ച്ചുകളുള്ള സ്ഥലത്തും പോയി, നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്.ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് അവരൊക്കെ പ്രാര്‍ത്ഥിച്ചിട്ട് പോകുന്നത്. പക്ഷെ എല്ലാം അകത്താണ്. ഒരു മൈക്കും ഞാന്‍ പുറത്തുകേട്ടില്ല.. ഇവിടെ ആയിരുന്നെങ്കില്‍, ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാന്‍ പറ്റുമോ ?. മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവന്‍ വിടുവല്ലേ. ആർക്കാണ് അവിടെ പ്രാർത്ഥിക്കാൻ അവകാശം ഇല്ലാത്തത്. ഹിന്ദുക്കൾക്ക് അവകാശമില്ലേ', എന്നായിരുന്നു മന്ത്രി പറഞ്ഞത്.












Click it and Unblock the Notifications