കേന്ദ്രത്തെ പിന്തുടര്‍ന്ന് സംസ്ഥാനങ്ങളും: പെട്രോള്‍-ഡീസല്‍ നികുതി കുറച്ച് 8 സംസ്ഥാനങ്ങള്‍
ദില്ലി: പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാറിന്റെ പാത പിന്തുടര്‍ന്ന് എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളും. കര്‍ണാടക ഉള്‍പ്പടേയുള്ള ഏഴോളം സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റേയും സംസ്ഥാന നികുതി കുറച്ചത്. കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ അസം സർക്കാർ ബുധനാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി 7 രൂപ കുറച്ചപ്പോള്‍ ബിഹാർ സർക്കാര്‍ പെട്രോളിന്റെ വാറ്റ് 1.30 രൂപയും ഡീസലിന് 1.90 രൂപയും കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.
'പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സന്തോഷം നല്‍കുന്ന കാര്യമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് അനുസൃതമായി, അസം ഗവൺമെന്റും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് 7 രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്'- എന്നായിരുന്നു സര്‍ബാനന്ദ സോനാവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഡീസലിനും പെട്രോളിനും ലിറ്ററിന് 7 രൂപ കുറയ്ക്കാൻ തീരുമാനിച്ച മറ്റൊരു സംസ്ഥാനം കര്‍ണ്ണാടകയാണ്. ഇത് ഖജനാവിന് 2,100 കോടി രൂപയുടെ നഷ്ടമുണ്ടാക്കും. എന്നിരുന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 95.50 രൂപയും ഡീസലിന് 81.50 രൂപയുമായി കുറയുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാത പിന്തുടര്‍ന്ന് ഗോവ, ത്രിപുര, ഹിമാചല്‍ പ്രദേശ് സർക്കാരുകളും പെട്രോളിനും ഡീസലിനും 7 രൂപ വീതം കുറച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും പെട്രോളിന് ലിറ്ററിന് 2 രൂപ കുറച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഡീസൽ വില കുറയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. പെട്രോൾ, ഡീസൽ വിലകൾ ഉടൻ കുറയ്ക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂരും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചത് മുഖം രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ താൽക്കാലിക നടപടിയാണെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടത്
പെട്രോള്‍-ഡീസല്‍ എക്സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ കഴിഞ്ഞ കുറേ മാസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കുറയും. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 5 രൂപയാണ് കുറച്ചത്. അതേസമയം ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 10 രൂപയാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നായിരുന്നു പ്രതിപക്ഷത്തിന്റേയും ആവശ്യം.












Click it and Unblock the Notifications