സ്റ്റിറോയിഡുകൾ ഫലപ്രദം,ബ്ലാക്ക് ഫംഗസുകൾക്ക് കാരണം അശാസ്ത്രീയ ഉപയോഗം; ഡോ വികെ പോൾ
തിരുവനന്തപുരം; സ്റ്റിറോയിഡുകളുടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ ഉപയോഗമാണ് ബ്ലാക്ക് ഫംഗസ് വ്യാപിക്കാൻ കാരണമായതെന്ന് നീതി അയോഗ് അംഗം ഡോ വികെ പോൾ. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അത്ഭുത മരുന്നുകളാണ് സ്റ്റിറോയിഡുകൾ. എന്നാൽ കൊവിഡ് രോഗികൾക്ക് ഉചിതമല്ലാതെയും ഡോസുകൾ കൂട്ടി നൽകുന്നതുമെല്ലാമാണ് ഫംഗൽ ബാധ ഉയരാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ രോഗികൾക്ക് ശരിയായ അളവിലാണ് സ്റ്റിറോയിഡുകൾ നൽകുന്നതെന്ന് ആരോഗ്യ വിദഗ്ധരും ഉറപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്തിരഹിതമായ രീതിയിൽ ഡോസുകൾ നൽകുമ്പോൾ, സ്റ്റിറോയിഡുകൾ രോഗിയെ സഹായിക്കുന്നതിനുപകരം തെറ്റായ പാർശ്വഫലം ഉണ്ടാക്കും. സ്റ്റിറോയിഡുകൾ പ്രമേഹത്തെ സങ്കീർണമാക്കുമെന്നും ഡോ പോൾ പറഞ്ഞു.ഫംഗസ് ബാധയെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു കഴിഞ്ഞു.അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബ്ലാക്ക് ഫംഗസ് കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.












Click it and Unblock the Notifications