പത്തനംതിട്ടയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; ഒരാളുടെ ജനനേന്ദ്രിയം തെരുവ് നായ കടിച്ചു മുറിച്ചു...
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഇരുവരെയും തെരുവ് നായ്ക്കൾ ആക്രമിച്ചത്.
പത്തനംതിട്ട: കുമ്പഴയിൽ രണ്ട് പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു. കടത്തിണ്ണയിൽ കിടന്നുറങ്ങിയവർക്ക് നേരെയാണ് തെരുവ് നായ്ക്കൾ ചാടിവീണത്. ചെങ്ങറ സ്വദേശി വെങ്കിടേഷ്(61), കൂടൽ നെടുമൺകാവ് സ്വദേശി ഡേവിഡ്(50) എന്നിവർക്ക് നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്.
ജൂലായ് 6 വ്യാഴാഴ്ച രാത്രി 11 മണിയോടെ കുമ്പഴ ജംക്ഷനിലാണ് സംഭവമുണ്ടായത്. കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഇരുവരെയും തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഡേവിഡിന്റെ കൈകളിലും കാലിലുമാണ് തെരുവ് നായ കടിച്ചത്.

എന്നാൽ വെങ്കിടേഷിന്റെ ജനനേന്ദ്രിയം തെരുവ് നായ കടിച്ചു മുറിച്ചു. ഇരുവരുടെയും നിലവിളി കേട്ടാണ് നാട്ടുകാർ സംഭവമറിയുന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാർ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ടുപേരെയാണ്. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജനനേന്ദ്രിയത്തിന് കടിയേറ്റ വെങ്കിടേഷിന്റെ ആരോഗ്യനില ഗുരുതരമാണ്. പുലർച്ചെ രണ്ട് മണിയോടെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച വെങ്കിടേഷിനെ വെള്ളിയാഴ്ച പകൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ഡേവിഡും ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പഴ ജംക്ഷനിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ്ക്കൾ പതിവായി കിടക്കാറുള്ള സ്ഥലത്താണ് വെങ്കിടേഷും ഡേവിഡും കിടന്നിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.












Click it and Unblock the Notifications