അമിത് ഷാ എത്തിയപ്പോള്‍ തെരുവ് വിളക്കുകൾ 'അണച്ചു': ചെന്നൈയില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
ചെന്നൈ: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിനിടെ തെരുവ് വിളക്കുകൾ അണച്ചെന്നാരോപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ആഭ്യന്തരമന്ത്രി അമിത്ഷാ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചെന്നൈ എയർപോർട്ട് റോഡിന്റെ ഇരുഭാഗങ്ങളിലെയും തെരുവ് വിളക്കുകൾ അണച്ചെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. ഇത് രാഷ്ട്രീയ പ്രേരിതരമായ നീക്കമാണെന്ന് കുറ്റപ്പെടുത്തിയ പ്രവർത്തകർ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡിനെതിരായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ആഭ്യന്തര മന്ത്രി വിമാനത്താവളത്തില്‍ നിന്നും ഗിണ്ടിയിലെ ഹോട്ടലിലേക്ക് പോകുമ്പോള്‍ ലൈറ്റുകള്‍ അണഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നതെന്നും ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ വാർത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

"ഈ വിഷയം അന്വേഷിക്കണം. നമ്മുടെ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നത്? ഇതൊരു സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം''- കാരു നാഗരാജൻ പറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്.
ഒമ്പത് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ബിജെപിയുടെ ഒരു മാസത്തെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അമിത് ഷായുടെ സംസ്ഥാന സന്ദർശനങ്ങള്‍. ഞായറാഴ്ച രാവിലെ ചെന്നൈ സൗത്ത് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് വെല്ലൂരിനടുത്ത് പള്ളിക്കൊണ്ടയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയും വൈകിട്ട് ആന്ധ്രാപ്രദേശിലേക്ക് പോകുകയും ചെയ്യും. ആന്ധ്രയിൽ വിശാഖപട്ടണത്തെ റെയിൽവേ ഗ്രൗണ്ടിൽ വെച്ചാണ് അമിത് ഷായുടെ പൊതുയോഗം.
അതേസമയം കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്‌നാട്ടില്‍ കേന്ദ്രം ചെയ്ത കാര്യങ്ങള്‍ അമിത് ഷാ പറയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നു. "കഴിഞ്ഞ രണ്ട് ദിവസമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചെന്നൈയിലേക്ക് വരുന്നതായി പത്രങ്ങളിൽ വായിക്കുന്നു. ഇതെല്ലാം 2024ലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വർഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് അദ്ദേഹത്തിന് തരാന്‍ സാധിക്കുമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു.''- സ്റ്റാലിന്‍ പറഞ്ഞു.












Click it and Unblock the Notifications