ലക്ഷ്മി നായര്‍ രാജിവച്ചിട്ടില്ല!! ലോ അക്കാദമി സമരം അവസാനിച്ചതെങ്ങനെ? വിജയിച്ചത് ലക്ഷ്മി നായരോ?
ലക്ഷ്മി നായരെ ദീര്‍ഘ നാളത്തേക്ക് മാറ്റി നിര്‍ത്തി പകരം യോഗ്യതയുളള ആളെ നിയമിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിറുന്നു. ഇതനുസരിച്ച് നടത്തിയ ചര്‍ച്ചയിലാണ് സമവായം ആയത്.
തിരുവനന്തപുരം: 29 ദിവസങ്ങള്‍ പിന്നിട്ട ലോ അക്കാദമി സമരം അവസാനിച്ചിരിക്കുകയാണ്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകളും ലോ അക്കാദമി പെണ്‍കുട്ടികളുടെ നേതൃത്വത്തിലെ വിദ്യാര്‍ഥി ഐക്യവുമായിരുന്നു സമരം നടത്തിയിരുന്നത്. വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു സമരം അവസാനിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്നാണ് സമരക്കാര്‍ പറഞ്ഞത്.
എന്നാല്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം പൂര്‍ണമായും വിജയമാണെന്ന് പറയാനാകില്ലെന്നാണ് സൂചനകള്‍. വിദ്യാര്‍ഥി സമരം അവസാനിച്ചതിനു ശേഷം അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ പറഞ്ഞ കാര്യങ്ങളാണ് ഇത്തരത്തിലൊരു സംശയത്തിനു കാരണം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ രാജി വച്ചിട്ടില്ലെന്നും പ്രശ്‌നം അവസാനിപ്പിക്കുന്നതിന് അവര്‍ സ്വയം മാറിനില്‍ക്കുകയാണെന്നുമാണ് നാരായണന്‍ നായര്‍ പറയുന്നത്.

ലക്ഷ്മിനായര്‍ രാജി വച്ചിട്ടില്ല
കേരളാ ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പലായ ലക്ഷ്ണി നായരെ ഗവേണിങ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റി. യൂണിവേഴ്‌സിറ്റി നിയമ പ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്ന് വ്യതി ചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും- ഇതായിരുന്നു വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാര്‍. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുകയാണെന്നു മാത്രമാണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത്.

എസ്‌എഫ്ഐയുമായുള്ള കരാര്‍
ലക്ഷ്മി നായര്‍ രാജി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. എന്നാല്‍ സമരം 29 ദിവസം പിന്നിട്ടിട്ടും അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് വിഎസ് സുനില്‍ കുമാറും കാനം രാജേന്ദ്രനും വിദ്യാര്‍ഥികളോട് രാജി എന്ന വാക്കില്‍ പിടിച്ചു തൂങ്ങേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രിയുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് കാനവും സുനില്‍ കുമാറും വിദ്യാര്‍ഥികളോട് സംസാരിച്ചിരുന്നു. ലക്ഷ്മി നായരെ ദീര്‍ഘ നാളത്തേക്ക് മാറ്റി നിര്‍ത്തി പകരം യോഗ്യതയുളള ആളെ നിയമിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിറുന്നു. ഇതനുസരിച്ച് നടത്തിയ ചര്‍ച്ചയിലാണ് സമവായം ആയത്. നേരത്തെ എസ്എഫ്‌ഐ മാനേജ്‌മെന്റുമായി നടത്തി ചര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തുമെന്നായിരുന്നു ധാരണ. ഇത് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു ഇവര്‍ സമരം തുടര്‍ന്നത്.

വിഎസിന്റെ ആവശ്യം തള്ളി?
അതേസമയം ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് വിഎസ് അച്യുതാനന്ദനായിരുന്നു. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാതിരുന്നതെന്നായിരുന്നു പറയുന്ന ന്യായീകരണം. ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണങ്ങളില്‍ നടപടിയുമായി മുന്നോട്ട് പോകണമെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന് തിരിച്ചടി
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം ആരംഭിച്ചത്. എന്നാല്‍ സമരം ശക്തമായതോടെ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് ആക്ഷേപിക്കുക, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ ആണ്‍ കുട്ടികളെ കാണിക്കുക, മോശം പദപ്രയോഗം ഉള്‍പ്പെടെ കടുത്ത ആരോപണങ്ങള്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധം ശക്തമാക്കി. ലക്ഷ്മി നായരെയും മാനേജ്‌മെന്റിനെയും സഹായിക്കുന്ന തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ പരസ്യമായ വാക്കേറ്റം തന്നെ ഉണ്ടായി.












Click it and Unblock the Notifications