'വിട പറഞ്ഞത് ബിജെപി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവ്'; രാജ്മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിട പറഞ്ഞത് ബി ജെ പി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തന്നെ തീരാനഷ്ടമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'സുർജിത്തിന് ശേഷം മാർക്കിസ്റ്റ് പാർട്ടിക്ക് കർമ്മോജ്വലമായ നേതൃത്വം കൊടുത്ത നേതാവാണ് സീതാറാം യെച്ചൂരി. ബി ജെ പി വിരുദ്ധ പാളയത്തിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിനും സഖ്യത്തെ അധികാരത്തിലെത്തിക്കുന്നത് മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മാർക്കിസ്റ്റ് പാർട്ടിയുടെ സൗമ്യതയുടെ മുഖമായ അദ്ദേഹം എല്ലാ കാലത്തും കോൺഗ്രസുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തെ കോൺഗ്രസിനും വലിയ ഇഷ്ടമായിരുന്നു.
ഇത്ര പെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തിരിച്ചുവരുമെന്ന പ്രാർത്ഥനയിലായിരുന്നു എല്ലാവരും. വേർപാട് മാർക്കിസ്റ്റ് പാർട്ടിക്ക് മാത്രമല്ല രാജ്യത്തിന് ആകമാനം തീരാനഷ്ടമാണ്. ജനാധിപത്യ മതേരതര വിശ്വാസികൾക്കും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്', രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. 'കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകനായ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതതരചേരിയുടെ ശക്തനായ വക്താവായിരുന്നു. പ്രത്യയശാസ്ത്ര ബോധത്തില്‍ ഉറച്ച് നിന്ന് കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിച്ചത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച യെച്ചൂരി ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചു. ജനപക്ഷത്ത് നിന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നല്ലൊരു പാര്‍ലമെന്റെറിയനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു', സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു രാവിലെ എകെജി സെന്ററിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകും.












Click it and Unblock the Notifications