അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധം ശക്തം, സര്‍ക്കാരിനെതിരെ പ്രതിപക്ഷം
ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. അറസ്റ്റിലായ പ്രതിക്ക് ഡിഎംകെയുമായി ബന്ധമുണ്ട് എന്ന് ബിജെപി ആരോപിച്ചു. കാമ്പസ് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ക്രമസമാധാനം വഷളായതായി ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയും ആരോപിച്ചു. ഡിഎംകെ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പ്രതികളുടെ ചിത്രങ്ങളും അണ്ണാമലൈ പങ്കുവച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഡിഎംകെ നേതാക്കള്‍ക്കൊപ്പമുള്ള പ്രതിയായ ജ്ഞാനശേഖരന്റെ ചിത്രങ്ങള്‍ ആണ് അണ്ണാമലൈ പുറത്തുവിട്ടത്.

കേസിലെ പ്രധാന പ്രതിയായ ജ്ഞാനശേഖരന്‍ ഡിഎംകെയുടെ സെയ്ദായി ഈസ്റ്റ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ഡെപ്യൂട്ടി ഓര്‍ഗനൈസറാണ് എന്ന് അണ്ണാമലൈ ആരോപിച്ചു. 'തമിഴ്നാട്ടില്‍ ഉടനീളമുള്ള ഇത്തരം ക്രിമിനല്‍ കേസുകളില്‍ നിന്ന് വ്യക്തമായ ഒരു പാറ്റേണ്‍ ഉയര്‍ന്നുവരുന്നു. ഒരു ക്രിമിനല്‍ ഡിഎംകെയില്‍ അംഗമാവുകയും ആ പ്രദേശത്തെ ഡിഎംകെ എക്‌സിക്യൂട്ടീവുകളുമായി അടുപ്പത്തിലാകുകയും ചെയ്യുന്നു.
പിന്നീട് അവനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും മാറ്റിവയ്ക്കുകയാണ്. പ്രാദേശിക ഡിഎംകെ എക്‌സിക്യൂട്ടീവുകളുടെയും മന്ത്രിമാരുടെയും സമ്മര്‍ദ്ദം കാരണം പൊലീസ് കേസുകള്‍ അന്വേഷിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. 15 ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ ഇത്രയും ദിവസമായി ഒരു നടപടിയും എടുക്കാതെ വിട്ടത് കൊണ്ടാണ് ഇന്ന് ഒരു നിരപരാധിയായ വിദ്യാര്‍ത്ഥിക്ക് ഈ ക്രൂരതയേല്‍ക്കേണ്ടി വന്നത്.
ഇതിന് പൂര്‍ണ ഉത്തരവാദി ഡിഎംകെ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രനാള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഈ അവസ്ഥ സഹിക്കേണ്ടിവരും എന്നും അദ്ദേഹം ചോദിച്ചു. ഡിഎംകെ എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധരുടെ താവളമാണ് എന്നതിന്റെ തെളിവാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിലെ ലൈംഗികാതിക്രമ സംഭവമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് ഇ പളനിസ്വാമി പറഞ്ഞു.
അതേസമയം ഡിഎംകെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഒന്നും പറയാനില്ലാത്തവരാണ് ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിക്കുന്നത് എന്ന് ഡിഎംകെ നേതാവ് എ ശരവണന്‍ പറഞ്ഞു. വിമര്‍ശനങ്ങളോട് പ്രതികരിച്ച തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയന്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. പ്രതിപക്ഷം വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡിസംബര്‍ 23 ന് വൈകുന്നേരം ആണ്‍സുഹൃത്തിനൊപ്പം ഇരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. പിറ്റേദിവസം വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്നലെയാണ് ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാജ്ഭവനും ഐഐടി മദ്രാസിനും സമീപമുള്ള ഒരു പഴയ കെട്ടിടത്തിന് സമീപത്ത് വെച്ചായിരുന്നു വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ടത്.
ക്യാംപസിനു സമീപം വഴിയോര ഭക്ഷണശാല നടത്തുന്ന ജ്ഞാനശേഖരന്‍ മോഷണവും കവര്‍ച്ചയും ഉള്‍പ്പെടെ 15 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2011-ല്‍, ഇതേ ക്യാപസില്‍ മറ്റൊരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആ കേസിന് പിന്നീട് എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തതയില്ല. അതേസമയം ഈ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ സമാനമായ കുറ്റകൃത്യങ്ങളുടെ തെളിവുകളുണ്ടാകാമെന്ന സംശയത്തില്‍ പരിശോധന നടത്തുകയാണ്. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications