തിരുവനന്തപുരം പനവിളയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വിദ്യാർത്ഥിനി വീണ് മരിച്ചു
തിരുവനന്തപുരം: പനവിളയിൽ വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണു മരിച്ചു. നേമം അമ്പലത്തുംവിള വീട്ടിൽ അബ്ദുൾ റഹീം – റഫീക്കാ ദമ്പതികളുടെ മകൾ ഫാത്തിമ രഹാന (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ അൽ സബാർ വിമൻസ് മുസ്ലിം അസോസിയേഷൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഫാത്തിമ വീണത്. ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചിരുന്നു. മാതാ പിതാക്കൾ വിദേശത്താണ്.
പി.എസ്.സി പരീക്ഷയ്ക്കുള്ള പഠനത്തിനായാണ് ഫാത്തിമ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഹോസ്റ്റൽ മതിലിനോട് ചേർന്ന ഇടവഴിയിൽ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അബദ്ധത്തിൽ കാൽതെറ്റി താഴേക്ക് വീണതാണോ , ആത്മഹത്യയാണോയെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്നു കന്റോൺമെന്റ് പൊലീസ് അറിയിച്ചു. വിദേശത്തുള്ള മാതാപിതാക്കളും സഹോദരനും ഇന്ന് എത്തിയതിന് ശേഷം കബറടക്കം നടക്കും. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിൽ.സഹോദരങ്ങൾ: റജിൻ റഹീം, റംസി റഹീം ( വിദ്യാർത്ഥിനി, നിംസ് ആശുപത്രി നെയ്യാറ്റിൻകര).

സംഭവത്തിൽ ഹോസ്റ്റൽ അധികൃതർക്കെതിരെ കുട്ടികളുടെ ബന്ധുക്കൾ. അപകടത്തെ തുടർന്നു ഫാത്തിമ രഹാനയെ ആശുപത്രിയിലെത്തിച്ചത് കൂടെയുള്ള കുട്ടികളാണെന്നും ഹോസ്റ്റൽ അധികൃതർ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയില്ലെന്നും ബന്ധുവായ ഷാജഹാൻ ആരോപിച്ചു. അധികൃതർ ആരും ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയില്ല. സംഭവസമയം ഹോസ്റ്റൽ അധികൃതർ എല്ലാവരും കല്യാണത്തിന് പോയിരിക്കുകയായിരുന്നെന്നാണ് സെക്യൂരിറ്റി അറിയിച്ചത്. ഇതിൽ സംശയമുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
അതേസമയം, രഹാനയുടെ മരണം ആത്മഹത്യയാണോ അബദ്ധത്തിൽ സംഭവിച്ചതാണോയെന്നു ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നു കന്റോൺമെന്റ് സി.ഐ പ്രസാദ് അറിയിച്ചു. ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടില്ല. തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഹോസ്റ്റൽ അധികൃതരുടെ നിലപാട്. മുറിയിൽ കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴി എടുക്കണം. സുഖമില്ലാത്തതിനാൽ ഫാത്തിമ രഹാനയുടെ കൂട്ടുകാരിയാണ് രാവിലെ ഭക്ഷണം എടുത്തുകൊണ്ടു കൊടുത്തത്. വരും ദിവസങ്ങളിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരം ലഭ്യമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications