ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; മൂക്കിന്റെ എല്ല് പൊട്ടി, കേസ്
പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഐടിഐ വിദ്യാ൪ത്ഥി സാജനാണ് (20) പരിക്കേറ്റത്. മർദനത്തിൽ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി. ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.
ഫെബ്രുവരി 19 നായിരുന്നു സംഭവം. പ്രതി ക്ലാസ് മുറിയിലേക്ക് കയറി വിദ്യാർത്ഥിയുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. ഇത് മറ്റൊരാൾ ചോദ്യം ചെയ്തതോടെ വലിയ വാക്പോര് തന്നെ അവിടെ നടന്നു. ഇതിനിടയിലാണ് സാജന് മർദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മ൪ദിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നത്. സാജൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. അതേസമയം പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് അറിയിച്ചു.
അതേസമയം താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി മുഹമ്മദ് ഷബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പ്രായപൂർത്തി ആവുന്നതിനു മുൻപേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാർഗറ്റ് ചെയ്തു ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
പ്രായഭേദമന്യേ കൊലപാതകം നടക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുന്നു. ഏത് അക്രമങ്ങളുടെ ഉള്ളറകളിലേക്ക് കടന്നാലും വലിയ രീതിയിൽ ലഹരി ഉപയോഗിക്കുന്നവരാണ് ഓരോ പ്രതികളുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വർഷങ്ങളിലും പിണറായി വിജയൻ സ്വീകരിച്ചു പോരുന്നത്. കൺമുമ്പിൽ അക്രമങ്ങൾ നടക്കുമ്പോൾ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ ക്രിമിനലുകളുടെയും ഊർജ്ജവും റോൾ മോഡലുമാണ്.
സംസ്ഥാനത്തെ ഒരു എംഎൽഎയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സർക്കാർ ആർക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന ബഹുഭൂരിപക്ഷം പ്രതികൾക്കും സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതിനാൽ അവർക്കെതിരെ കേസെടുക്കാൻ പോലും ഉദ്യോഗസ്ഥർ ഭയപ്പെടുകയാണ്.
ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വർദ്ധിക്കുന്നത്. ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാൻ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നിൽക്കേണ്ടതായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.












Click it and Unblock the Notifications