മദ്യപാനികള്‍ക്ക് സമയം മോശം; കോടതിക്കും പൊതുജനത്തിനുമിടയില്‍ ബിവറേജ്; മാറ്റാന്‍ ഇടമില്ല
ദേശീയ പാതയോരങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കുന്ന ബിവറിജ് ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം. ഹോളി എയ്ഞ്ചല്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും പ്രക്ഷോഭത്തിന്.
തിരുവനന്തപുരം: മൊത്തത്തില്‍ മദ്യപാനികള്‍ക്ക് ശനിദശയാണെന്ന് തോന്നുന്നു. ആദ്യം ബാറുകള്‍ പൂട്ടി. പിന്നാലെ ദേശീയ പാതയോരത്തു നിന്നും മദ്യവില്പന ശാലകള്‍ മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവ്. ബിവറിജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ഫെഡും മാറ്റി സ്ഥാപിക്കാനുള്ള മദ്യവില്പന ശാലയ്ക്ക് സ്ഥലം അന്വേഷിച്ചുള്ള പരക്കം പാച്ചിലിലാണ്. നൂറിലധികം മദ്യശാലകള്‍ ഇത്തരത്തില്‍ മാറ്റി സ്ഥാപിക്കണ്ടേതായി വരും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെയാണ് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. മിക്ക സ്ഥലങ്ങളിലും പുതിയ ഇടം കണ്ടെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനേത്തുടര്‍ന്ന് അവിടെ ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ദേശീയ പാതയോരത്ത് നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റ് കൊണ്ടുവരുന്നതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഔട്ട്‌ലെറ്റ് നന്തന്‍കോട്ടേക്ക് മാറ്റുന്നതിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത് സ്‌കൂള്‍ കുട്ടികളാണ്. ഹോളി എയ്ഞ്ചല്‍സ് സ്‌കൂളില വിദ്യാര്‍ത്ഥികളാണ് രംഗത്തുള്ളത്. ഇതിനെതിരെ അവര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്ത് വ്യാഴാഴ്ച വൈകുന്നേരം പ്രദേശവാസികള്‍ പ്രതിഷേധ യോഗം ചേരുന്നുണ്ട്.

കോലഞ്ചേരി, തോപ്പുംപടി, കോന്നി, വയനാട് ഏച്ചോം, അടൂര്‍, റാന്നി, കട്ടപ്പന, തൊടുപുഴ, ആലത്തൂര്‍, വടക്കഞ്ചേരി, കോങ്ങാട്, ഒല്ലൂര്‍, മതിലകം, വലപ്പാട്, വെള്ളപ്പായ എന്നിവിടങ്ങളിലും ജനരോക്ഷം ശക്തമാണ്. ആകെ 175 ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ളതില്‍ 25 എണ്ണം മാത്രമേ ഇതുവരെ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
അതേസമയം, പ്രതിഷേധക്കാരില്‍ നിന്നും പോലീസ് സംരക്ഷണം തേടി ബിവറിജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഈ പ്രതിഷേധങ്ങള്‍ തികച്ചും ആസൂത്രിതമാണെന്നും അദ്ദേഹം ആരോപിച്ചു. ബാറുകള്‍ക്ക് സമീപത്തുള്ള ഔട്ട്‌ലെറ്റുകള്‍ക്കെതിരെ മാത്രമാണ് പ്രതിഷേധമുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications