കോവിഡ് 19: മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും
പത്തനംതിട്ട; കല്‍ബുര്‍ഗി, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ജില്ലയിലെത്തിയ വിദ്യാർത്ഥികളെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച സാഹചര്യത്തിലായിരുന്നു വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചത്. തെലങ്കാനയിലെ കോളേജില്‍ നിന്നു നാട്ടിലേക്കു തിരിച്ച ഏഴ് വിദ്യാര്‍ഥികളെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിൽ ബന്ധപ്പെടുകയായിരുന്നു. കോള്‍ സെന്ററില്‍ വിവരം ലഭിച്ച ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

മാര്‍ച്ച് 17 ന് പുലര്‍ച്ചെ രണ്ടരയോടെ കായംകുളം റെയിവേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികളെ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പരിശോധനയ്ക്കായി അടൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിശോധനകള്ക്കുശേഷം ഇവരെ വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണത്തിനയച്ചു.കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളും കോള്‍സെന്ററില്‍ ബന്ധപ്പെടുകയും അവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കായംകുളം പിഎച്ച്സി യില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷം വീടുകളില്‍ നിരീക്ഷണത്തിനയച്ചിരുന്നു. രാജ്യത്തെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത് കൽബുർഗിയിലായിരുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. അതേസമയം വിദ്യാർത്ഥികളിൽ ആർക്കം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
14 ദിവസമാണ് ഈ വിദ്യാര്‍ഥികളുടെയും നിരീക്ഷണ കാലാവധി. അന്യ സംസ്ഥാനങ്ങളില്‍ പഠനത്തിനായി പോയിട്ടുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇനിയും ജില്ലയില്‍ എത്താനുണ്ട്. ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ വഴി ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കോള്‍ സെന്റര്‍ നമ്പര്‍: 0468 2228220
മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതും പഠിക്കുന്നതുമായ പത്തനംതിട്ട ജില്ലക്കാർക്ക് കോവിഡ് 19 നിരീക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കളക്‌ടറേറ്റിൽ പ്രത്യേകം തുടങ്ങിയ കോൾ സെൻ്ററാണിത്. 24 മണിക്കൂറും സേവനം ലഭിക്കും.












Click it and Unblock the Notifications