വിദ്യാർത്ഥികള്‍ നാടുവിടുന്നുവെന്ന് പ്രതിപക്ഷം: എല്ലാവർക്കും മികച്ച ജോലി കിട്ടുന്നില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മലയാളി വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തർക്കം. കേരളത്തിലെ ഭാവിതലമുറ സംസ്ഥാനത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവർക്കുള്ളതെന്നുമായിരുന്നു വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ അഭിപ്രായപ്പെട്ടത്.
നോര്‍ക്കയുടെ മൈഗ്രേഷന്‍ സര്‍വ്വേയില്‍ തന്നെ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവർക്ക് നേരെ ചൊവ്വെ എഴുത്തും വായനയും അറിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞത് യാഥാർത്ഥ്യമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

എന്നാല്‍ മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി ലഭിച്ചില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറഞ്ഞ വിദ്യാര്‍ത്ഥി കുടിയേറ്റം കേരളത്തിലാണെന്നായിരുന്നു നോട്ടീസിന് മറുപടി പറഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയത്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് ഒരു തകര്‍ച്ചയുമില്ല. രാജ്യാന്തര തലത്തില്‍ സര്‍വ്വകലാശാലയുടെ പ്രശസ്ത് വർധിച്ചു. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചത്. വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവർക്കും മികച്ച ജോലി കിട്ടുന്നില്ലെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാഗ്വാദവും ഉണ്ടായി. കേരളം നേരിടുന്ന ഒരു സാമൂഹ്യ പ്രശ്നത്തില്‍ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരല്‍ ചൂണ്ടി സംസാരിച്ചെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. എന്നാല്‍ വിരൽ ചൂണ്ടി ഇനിയും സംസാരിക്കുമെന്നായിരുന്നു വിഡി സതീശന്റെ മറുപടി.
ഇതിന് ഇടയില്‍ തന്നെയാണ് എംബി രാജേഷിന്റെ വിമർശനവും ഉണ്ടാകുന്നത്. പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ പറയുന്നതെന്ന് എംബിരാജേഷ് കുറ്റപ്പെടുത്തി.അത് തിരുത്താൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷ നേതാവ് വഴങ്ങാറില്ല. പരിഹാസവും പുച്ഛവുമാണ് പ്രസംഗത്തിൽ. അത് തിരുത്തണം. തിരുത്തല്‍ എല്ലാവർക്കും ആകാമെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം, രണ്ടു മന്ത്രിമാർക്കെതിരെ എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്നായിരുന്നു വിഡി സതീശന്റെ മറുപടി.












Click it and Unblock the Notifications