കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിദ്യാര്‍ത്ഥി ഐക്യം'; സ്വാശ്രയ കോളേജില്‍ ഇനി കൊടി ഉയരും; വിദ്യാര്‍ത്ഥി യൂണിയന്‍ നിര്‍ബന്ധം

ഇന്റേണല്‍ മാര്‍ക്ക് പരിഷ്‌കരിക്കുന്നതിനായി നാല്ല വൈസ് ചാന്‍സര്‍മാരുടെ സമിതിയെ നിയോഗിക്കും. പിടിഎയും നിര്‍ബന്ധമാക്കും. അധ്യാപകര്‍ക്ക് സര്‍വകലാശാല നിര്‍ദേശിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഡനം കൊണ്ട് സ്വാശ്രയ സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായതോടെ വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനമായി. സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. എല്ലാ കോളേജിലും അധ്യാപക രക്ഷകര്‍തൃ സമിതിയും വിദ്യാര്‍ത്ഥി യൂണിയനും നിര്‍ബന്ധമാക്കും.

വിവിധ സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചത്. വിദ്യാര്‍ത്ഥികളെ വരുതിക്ക് നിറുത്താന്‍ കോളേജുകള്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ മാര്‍ക്ക് വിഷയത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനാണ് നീക്കം. ഇതോടെ ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്ക് അവസാനമാകും. ഇന്റേണല്‍ മാര്‍ക്ക് പൂര്‍ണമായും ഒഴിവാക്കണമെന്ന് ചില വൈസ് ചാന്‍സര്‍മാരില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഇന്റേണല്‍ മാര്‍ക്ക് സംവിധാനം പരിഷ്‌കരിക്കാന്‍ തീരുമാനമായത്.

വിദ്യാര്‍ത്ഥി യൂണിയന്‍

പല കോളേജുകളും വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇല്ല. ചുരുക്കം ചില കോളേജുകളില്‍ യൂണിയനുകളുണ്ടെങ്കിലും പ്രവര്‍ത്തനം പേരിനുമാത്രമാണ്. വിദ്യാര്‍ത്ഥികളുടെ വിഷയത്തില്‍ പ്രതികരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാനാണ് യോഗ തീരുമാനം. എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനും പിടിഎയും നിര്‍ബന്ധമാക്കും.

സര്‍വകലാശാല അധികാരം വിനിയോഗിക്കണം

സര്‍വകലാശാലകള്‍ അവരുടെ അധികാങ്ങള്‍ വിനിയോഗിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. മാനേജ്‌മെന്റുകളുടെ സ്വാധീനത്തില്‍ സര്‍വകലാശാലകള്‍ വഴങ്ങരുത്. എല്ലാ കോളേജിലും വിദ്യാര്‍ത്ഥി യൂണിയനും അധ്യാപക രക്ഷകര്‍തൃ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വകലാശാലകള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇന്റേണല്‍ മാര്‍ക്കിന് സമിതി

വിദ്യാര്‍ത്ഥികളെ നിലയ്ക്ക് നിറുത്താനുള്ള ഒന്നായി കണ്ടിരുന്ന ഇന്റേണല്‍ മാര്‍ക്ക് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇന്റേണല്‍ മാര്‍ക്ക് പരിഷ്‌കാരം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് വൈസ് ചാന്‍സലര്‍മാരുടെ സമിതിയ നിയോഗിക്കും. സമിതിയിലെ വൈസ് ചാന്‍സര്‍മാരെ വിദ്യാഭ്യാസമന്ത്രി പിന്നീട് തീരുമാനിക്കും.

ത്രിതല സമിതികള്‍ നിര്‍ജീവം

ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതി പരിഹരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും കോളേജിലും സര്‍വകലാശാലയിലുമായി ത്രിതല സമിതികള്‍ നിലവിലുണ്ട്. എന്നാല്‍ ഇതിന്റെ ഗുണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റേണല്‍ മാര്‍ക്ക് പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യവും വിസിമാരില്‍ നിന്നും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് പരിഷ്‌കാരം എന്ന ആശയം മുന്നോട്ട് വച്ചത്.

അധ്യാപക നിയമനത്തിനും നിയന്ത്രണം

സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനമായി. പല കോളേജുകളിലും മാനേജ്‌മെന്റ് തസ്തികകളില്‍ തങ്ങളുടെ ആളുകളെ നിയമിക്കുന്നതായും ഇവര്‍ അധികാര കേന്ദ്രങ്ങളായി മാറുന്നതായും വിസിമാര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥി പീഡനത്തിന് ഇത്തരക്കാരാണ് മുന്‍കൈയെടുക്കുന്നതെന്നും അഭിപ്രായം ഉയര്‍ന്നു.

അധ്യാപകര്‍ക്ക് സര്‍വകലാശാല യോഗ്യത

സ്വാശ്രയ കോളേജുകളില്‍ സര്‍വകലാശാല യോഗ്യതയുള്ള അധ്യാപകര്‍ക്ക് മാത്രമേ നിയമനം നല്‍കാവു എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ശമ്പളവും നല്‍കണം. കോളേജുകളില്‍ സര്‍വകലാശാല നിയമപ്രകാരമുള്ള തസ്തികകള്‍ മാത്രമേ നിലനിര്‍ത്താന്‍ അനുവദിക്കൂ എന്നും യോഗം തീരുമാനിച്ചു.

ഭരണസമിതി നിരീക്ഷിക്കും

വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകള്‍ സര്‍വകലാശാല നിയോഗിക്കുന്ന ഭരണസമിതികള്‍ നിരീക്ഷിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പ്രഥമ പരിഗണന വിദ്യാര്‍ത്ഥികള്‍ക്ക്

കാലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കണം പ്രഥമ പരിഗണനയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അധ്യാപന നിലവാരം ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

English summary
The meeting has decided to ensure that every self-financing college will have a functional PTA and an active students' union. A committee of four vice-chancellors handpicked by the education minister will study the possible reforms in the internal assessment system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X