കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാം ക്ലാസ് പഠനം അനിശ്ചിതത്വത്തില്‍: എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോടതി നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ പുതുക്കാട് എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ എട്ടാംക്ലാസ് പഠനം അനിശ്ചിതത്വത്തിലായി. കഴിഞ്ഞവര്‍ഷം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടെ എട്ടാംക്ലാസ് ആരംഭിച്ചിരുന്നു. എന്നാല്‍ എട്ടാംക്ലാസ് മാത്രമായി ഹൈസ്‌കൂള്‍ വിഭാഗം പ്രവര്‍ത്തിക്കാനാവില്ലെന്ന വകുപ്പ് നിലപാടാണ് എച്ചിപ്പാറയ്ക്ക് തിരിച്ചടിയാകുന്നത്. ഈവര്‍ഷം ഏഴാംക്ലാസ് പൂര്‍ത്തിയാക്കിയ 15 വിദ്യാര്‍ഥികളാണ് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായത്.

എട്ടാംക്ലാസ് അനുവദിക്കാതായതോടെ ഏഴാം ക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് പഴയപടി കിലോമീറ്ററുകള്‍ കടന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടേണ്ട സ്ഥിതിയിലായി. സര്‍ക്കാരിന്റെ സമ്പൂര്‍ണ സോഫ്റ്റ്‌വേറില്‍ സ്‌കൂളിലെ എട്ടാംക്ലാസ് പരീക്ഷയെഴുതിയ കുട്ടികളുടെ വിവരശേഖരങ്ങള്‍ ഇല്ലാത്തതുമൂലം ടി.സി. ലഭിക്കുന്നതിനും തടസമായിരിക്കുകയാണ്.

news

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം മൂന്ന് കിലോമീറ്ററിനുള്ളില്‍ യു.പി. സ്‌കൂളും ഏഴ് കിലോമീറ്ററിനുള്ളില്‍ ഹൈസ്‌കൂളും വേണമെന്നാണ് ചട്ടം. പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഹൈസ്‌കൂളുകളില്ലാത്ത എച്ചിപ്പാറ എല്‍.പി. സ്‌കൂളിലെ കുട്ടികളുടെ കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് ഇവിടെ യു.പി. ക്ലാസുകള്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവായത്. കഴിഞ്ഞവര്‍ഷം ഏഴാംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് ഇവിടെത്തന്നെ എട്ടാംക്ലാസില്‍ പഠിക്കാനും അധ്യാപകരെയും അനുബന്ധ സൗകര്യങ്ങളനുവദിക്കാനും കോടതി ഉത്തരവുണ്ടായിരുന്നു.

കോടതി ഉത്തരവ് ഉണ്ടായിട്ടും പുതിയ ക്ലാസിനായി തസ്തിക സൃഷ്ടിക്കുകയോ ഹൈസ്‌കൂളായി ഉയര്‍ത്തുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും ചോദ്യപ്പേപ്പറുകളും സര്‍ക്കാര്‍ നല്‍കിയെങ്കിലും അധ്യാപക നിയമനം മാത്രം നടത്തിയില്ല. ഇതേത്തുടര്‍ന്ന് ഏഴാംക്ലാസിലെ അധ്യാപകര്‍ തന്നെയാണ് എട്ടാം തരക്കാര്‍ക്കും ക്ലാസെടുത്തത്. എന്നാല്‍ എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഇനി സമ്പൂര്‍ണയില്‍നിന്ന് ടി.സി. ലഭിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍ ഏഴാംക്ലാസ് വരെയാണുള്ളത്. ഈ സാഹചര്യത്തില്‍ സ്‌കൂളിലെ എട്ടാംക്ലാസ് കഴിഞ്ഞ കുട്ടികള്‍ക്ക് സമ്പൂര്‍ണയില്‍നിന്ന് ടി.സി. നല്‍കാന്‍ കഴിയില്ല. ടി.സി. ഇല്ലാത്തതുമൂലം ഈ കുട്ടികള്‍ക്ക് ഇനി മറ്റ് സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള പ്രാഥമിക പരീക്ഷയെഴുതേണ്ട അവസ്ഥയാണ്.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എച്ചിപ്പാറ സ്‌കൂളില്‍ എട്ടാംക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയായിരുന്ന സി. രവീന്ദ്രനാഥ് അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ്ദുറബിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സി. രവീന്ദ്രനാഥ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിട്ടും കോടതി ഉത്തരവുണ്ടായിട്ടും നടപടികളെടുക്കാന്‍ മന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഇരട്ടത്താപ്പ് നടത്തുന്ന സാഹചര്യത്തില്‍ എച്ചിപ്പാറയിലെ കുട്ടികളുടെ പ്രശ്‌നപരിഹാരത്തിന് പി.ടി.എ. വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എച്ചിപ്പാറ ട്രൈബല്‍ സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുക, ആവശ്യമായ തസ്തികകള്‍ അനുവദിക്കുക എന്നിവയാണ് പി.ടി.എയുടെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍.

ആദിവാസി, തോട്ടംതൊഴിലാളി വിഭാഗങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ എട്ടാംക്ലാസ് അനുവദിച്ച് കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പി.ടി.എ. പ്രസിഡന്റ് റിയാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഊന്നല്‍ നല്‍കി വിദ്യാഭ്യാസരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, രാജ്യത്തെ ആദ്യ ഹൈടെക് ട്രൈബല്‍ സ്‌കൂളായ എച്ചിപ്പാറ സ്‌കൂളിനെ രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മലയോര നിവാസികള്‍.

English summary
Studies in Echipara tribal school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X