സബ്. ജഡ്ജി കുത്തിയിരുന്നു പ്രതിഷേധിച്ചു; മാർക്കറ്റിലെ മാലിന്യം ഞൊടിയിടയിൽ കോർപ്പറേഷൻ നീക്കം ചെയ്തു
കൊച്ചി: ബ്രോഡ് വേ മാർക്കറ്റിൽ മാലിന്യനീക്കം നിലച്ചെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിനടുത്തിരുന്ന് പ്രതിഷേധിച്ചു. മാലിന്യം പൂർണമായി മാറ്റാതെ മാർക്കറ്റ് വിട്ടുപോകില്ലെന്ന് ജഡ്ജി അറിയിച്ചതോടുകൂടി കോർപ്പറേഷൻ അധികൃതർ സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കം ചെയ്തു. ദിവസങ്ങളോളം നാട്ടുകാരം വ്യാപാരികളും പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന കോർപ്പറേഷനാണ് ജഡ്ജിയും പ്രതിഷേധത്തിന് മുമ്പിൽ മുട്ട് മടക്കിയത്. കേരള ലീഗൽ സർവീസ് അതോരിറ്റി സെക്രട്ടറി എ എം ബഷീറാണ് മാലിന്യക്കൂമ്പാരത്തിനു സമീപം മണിക്കൂറോളം ഇരുന്ന് പ്രതിഷേധിച്ചത്.

200ൽ അധികം വ്യാപാര സ്ഥാപനങ്ങളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. ഇതിൽ പലതിനും ലൈസൻസില്ലെന്ന് ലീഗൽ സർവീസ് അതോരിറ്റിക്ക് പരാതി ലഭിച്ചിരുന്നു. മാർക്കറ്റിലെ മാലിന്യ പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ്.ജഡ്ജി പരിശോധനയ്ക്ക് എത്തിയത്. മാർക്കറ്റിലെ മാലിന്യക്കൂമ്പാരം കണ്ട് ക്ഷുഭിതനായ സബ്.ജഡ്ജി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതോടെ കോർപ്പറേഷൻ അധികൃതർ ഇടപെട്ട് മാലിന്യനീക്കം ആരംഭിക്കുകയായിരുന്നു.മുഴുവൻ മാലിന്യവും നീക്കം ചെയ്തുവെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ജഡ്ജി മാർക്കറ്റ് വിട്ട് പോയത്.
മാർക്കറ്റിനുള്ളിലെ മാലിന്യനീക്കം നിരീക്ഷിക്കുവാൻ കച്ചവടക്കാരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന് എ എം ബഷീർ അറിയിച്ചു. മഴക്കാലരോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭീഷണി നേരിടുന്ന സമയത്ത് കോർപ്പറേഷൻ കാണിച്ച അലംഭാവത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജഡ്ജിന്റെ പ്രതിഷേധത്തിനിടെ മാലിന്യവുമായി പുറത്ത് നിന്നെത്തിയ ഒരു വാഹനം മാർക്കറ്റിലെ വ്യാപാരികൾ പിടികൂടി. വാഹന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.


Click it and Unblock the Notifications