അവർ നിങ്ങളുടെ കക്കൂസ് മാന്തും.. ആൾക്കൂട്ടത്തിന്റെ വോട്ട് വേണ്ടെന്ന് പറയൂ! ചുള്ളിക്കാടിനോട്..
കോഴിക്കോട്: തന്റെ കവിതകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത് വന്നത് അടുത്തിടെ വിവാദമായിരുന്നു. അക്ഷരവും സാഹിത്യവും അറിയാത്ത കുട്ടികളും ഭാഷ പഠിപ്പിക്കാന്‍ യോഗ്യതയില്ലാത്ത അധ്യാപകരുമാണ് ഇന്നത്തേത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കവിയുടെ വിമര്‍ശനം. എന്നാല്‍ ഈ അഭിപ്രായത്തിന്റെ പേരില്‍ ചുള്ളിക്കാട് വ്യാപകമായി ആക്രമിക്കപ്പെട്ടു. കവിയുടെ സീരിയല്‍ അഭിനയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എന്നാല്‍ എംടി വാസുദേവന്‍ നായര്‍ അടക്കമുള്ളവര്‍ ചുള്ളിക്കാടിന് പിന്തുണയേകി. പ്രമുഖ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനും ചുള്ളിക്കാടിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. സുഭാഷ് ചന്ദ്രന്റെ കുറിപ്പ് ഇതാണ്:
ബാലചന്ദ്രനൊപ്പം. ജൂലിയസ് സീസർ കൊല്ലപ്പെട്ടപ്പോൾ ആൾക്കൂട്ടം ചെയ്തതും ഇതുതന്നെ. ബ്രൂട്ടസ്സെന്നും കാസ്കയെന്നും സിന്നയെന്നും പേരുള്ള ചിലരാണ് വധത്തിനു പിന്നിൽ എന്നുമാത്രമേ ആൾക്കൂട്ടത്തിനു തിരിഞ്ഞുള്ളൂ. ആ പേരുകളുള്ള സകലരേയും തിരഞ്ഞുപിടിച്ച് വധിക്കാൻ ഒരുമ്പെട്ടു ഹാലിളകിയ ആൾക്കൂട്ടം. അങ്ങനെയവരുടെ കയ്യിൽ സിന്ന എന്നു പേരുള്ള ഒരു പാവം വന്നുപെട്ടു. "ഞാൻ നിങ്ങളന്വേഷിക്കുന്ന ഗൂഢാലോചകനല്ല; ഒരു പാവം കവി മാത്രം!" അടികൊണ്ട് അയാൾ നിലവിളിച്ചു. "എങ്കിൽ അവന്റെ പൊട്ടക്കവിതകളുടെ പേരിൽ അവനെ കൊന്നേക്കുക!", ആൾക്കൂട്ടത്തിന്റെ മൂപ്പൻ- ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ ഒരൊറ്റക്കവിതപോലും വായിച്ചിട്ടില്ലാത്ത ആ ഭ്രാന്തൻ നായ- കൽപ്പിച്ചു. ആൾക്കൂട്ടം സിന്നയെ അടിച്ചുകൊന്നു.

പ്രിയ ബാലചന്ദ്രൻ! ഇവിടെ ആൾക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരിൽ നിങ്ങളെ കൊല്ലാൻ അവർക്കു സാധിക്കായ്കയാൽ ചീത്ത സീരിയലുകൾ എന്നവർ മാറ്റിപ്പറയുന്നു. ഇനി നിങ്ങൾ നല്ല സീരിയലിൽ മാത്രം അഭിനയിക്കുന്ന ഒരാളാണെന്നു വന്നാൽ അവർ നിങ്ങളുടെ കക്കൂസ് മാന്താൻ വരും. നിങ്ങൾ മേധത്തിനുകൊള്ളാത്ത മാലിന്യം വിസർജ്ജിച്ചു ടാങ്കിൽ സംരക്ഷിക്കുന്നയാളാണെന്നു വിധിയെഴുതും. അതുകൊണ്ട് ആൾക്കൂട്ടത്തെ നോക്കി ദൈവത്തെപ്പോലെ മന്ദഹസിക്കൂ. അവരുടെ വോട്ട് വേണ്ടെന്നു പറയൂ. അവരത് ഉമ്മൻ ചാണ്ടിക്കോ പിണറായിക്കോ നരേന്ദ്രമോഡിക്കോ ചെയ്ത് രസിച്ചോട്ടെ. താങ്കൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്ത് എന്നെപ്പോലെ ചിലർ താങ്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി ഓരോ ദിവസവും ഉറങ്ങാൻ കിടക്കൂ!












Click it and Unblock the Notifications