രക്ഷകനായി എത്തിയ ഗോകുലം ഗോപാലന്‍ കാലനായി, വെള്ളാപ്പള്ളിയാണ് ശരി; മലക്കം മറിഞ്ഞ് സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ പാളയത്തിലേക്ക് തിരിച്ചെത്തി സുഭാഷ് വാസു. വെള്ളാപ്പള്ളിയ്ക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നില്‍ ഗോകുലം ഗോപാലനാണെന്നും ഏറ്റുപറഞ്ഞാണ് സുഭാഷ് വാസുവിന്റെ മലക്കം മറിച്ചില്‍. കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലന്‍ പറ്റിച്ചു എന്നാണ് സുഭാഷ് വാസുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ തന്നെ കൊണ്ട് തെറി പറയിച്ചു.
രക്ഷകനായി എത്തിയ ഗോകുലം ഗോപാലന്‍ കാലനായെന്നും അദ്ദേഹം ആരോപിച്ചു. ഗോകുലം ഗോപാലന്‍ എല്ലാം സ്വന്തം കൈപ്പിടിയില്‍ ആക്കി. ഗോകുലം ഗോപാലന്റെ ചിട്ടി കമ്പനിയിലെ മാനേജര്‍ അല്ല താനെന്നും തന്നെ കോളേജ് ഭരണ സമിതിയില്‍ നിന്ന് പുറത്താക്കാന്‍ ഗോപാലന് അധികാരമില്ലെന്നും സുഭാഷ് വാസു തുറന്നടിച്ചു. ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല്‍ക്കാലം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇല്ലെന്നും സുഭാഷ് വാസു വ്യക്തമാക്കി. എന്നാല്‍ കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

ഒരു കുടുംബത്തില്‍ ഉണ്ടായ ചെറിയ തര്‍ക്കം മാത്രമാണ് വെള്ളാപ്പള്ളി നടേശനുമായി ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്ലാം തീര്‍ന്നുവെന്നും സുഭാഷ് വാസു പറഞ്ഞു. എസ് എന്‍ ഡി പിയെ (ശ്രീനാരായണ ധര്‍മ പരിപാലന യോഗം) നയിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഗോകുലം ഗോപാലന്‍ നയിച്ചാല്‍ എസ് എന്‍ ഡി പിക്ക് മുകളില്‍ ഗോകുലം എന്ന് പേരുവെക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. 2019 ലാണ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു എതിര്‍ ചേരിയിലേക്ക് ചേക്കേറിയത്. ഇതോടെ വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണം സുഭാഷ് വാസു ഉന്നയിച്ചിരുന്നു.
അടുത്തിടെയാണ് സുഭാഷ് വാസുവിനെ അടുത്തിടെയാണ് ഗോകുലം ഗോപാലനും കൂട്ടരും പുറത്താക്കിയത്. ഗോകുലം ഗോപാലന്‍ ചെയര്‍മാനായ ട്രസ്റ്റിന്റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ സസ്‌പെന്‍ഡ് ചെയ്തത് എന്നാണ് പറയപ്പെടുന്നത്. വേലഞ്ചിറ സുകുമാരനാണ്, സുഭാഷ് വാസുവിന് പകരം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്നും ബദല്‍ യോഗം വിളിച്ച് ട്രസ്റ്റ് തലപ്പത്ത് തിരിച്ചുവരുമെന്നുമാണ് സുഭാഷ് വാസു പറയുന്നത്.












Click it and Unblock the Notifications