സിജെ റോയിക്ക് പിന്‍ഗാമി? കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പുതിയ നേതൃത്വം: കമ്പനിയെ നയിക്കുന്നത് ഇവര്‍
ബിസിനസ് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് സംരംഭകനും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിജെ റോയിയുടെ അകാല മരണം സംഭവിച്ചത്. അത് ആത്മഹത്യയാണെന്നത് ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും ജീവനക്കാര്‍ക്കും തീരാവേദന സമ്മാനിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സംസ്‌കാരം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തിയത്. സിജെ റോയിയുടെ അപ്രതീക്ഷിത മരണത്തോടെ കേരളത്തിലും ബെംഗളൂരുവിലുമായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുടെ ഭാവി എന്താകുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. കോടികളുടെ ബിസിനസ് സാമ്രാജ്യമാണ് സിജെ റോയിക്കുള്ളത്.
എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. റോയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഹോദരന്‍ സിജെ. ബാബുവാണ് കമ്പനിയുടെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി സംബന്ധിച്ച കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കുടുംബം കൈക്കൊണ്ടതായി അദ്ദേഹം അറിയിച്ചു.

കമ്പനിയുടെ നിലവിലുള്ള എല്ലാ പ്രോജക്ടുകളും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. ഇതിന്റെ ഭാഗമായി പുതിയ നേതൃനിരയെയും നിശ്ചയിച്ചിട്ടുണ്ട്. റോയിയുടെ മകന്‍ രോഹിത്തും കേരളത്തിലെ ചുമതലയുള്ള ജോസഫും ചേര്‍ന്നാകും ഇനി മുതല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ നയിക്കുകയെന്ന് ബാബു അറിയിച്ചു. നിലവില്‍ നടക്കുന്ന കര്‍ണാടക പൊലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സിജെ റോയിക്ക് യാതൊരുവിധ കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രതിസന്ധികളോ ഉണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ള ചില ആശങ്കകള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് തവണ പൊലീസ് തന്നെ വിളിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ഇപ്പോഴും നീക്കാന്‍ കഴിഞ്ഞിട്ടില്ല. ഐടി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കുടുംബം രംഗത്തു വന്നിരുന്നു. എന്നാല്‍ വെറുമൊരു റെയ്ഡിന്റെ പേരില്‍ ജീവനൊടുക്കുന്ന ആളല്ല റോയി എന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നു വാദിക്കുന്നവരും ഉണ്ട്. നിലവില്‍ കര്‍ണാടക പൊലീസാണു കേസ് അന്വേഷിക്കുന്നത്.
ബിസിനസ് മേഖലയില്‍ മാത്രമല്ല സിനിമാ മേഖലയിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു റോയി. ഇദ്ദേഹം നിര്‍മാണ പങ്കാളിയായിരുന്ന ചിത്രം അനോമി; ദി ഇക്വേഷന്‍ ഓഫ് ഡെത്ത് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഭാവനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.












Click it and Unblock the Notifications