'മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു കൂടിക്കാഴ്ച നടക്കില്ല, കേന്ദ്ര നേതൃത്വം മറുപടി പറയണം'; ടിഎൻ പ്രതാപൻ
മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാളെയുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടന്നതെന്ന് മുൻ എംപി ടിഎൻ പ്രതാപൻ .ഇക്കാര്യത്തിൽ സി പി എം കേന്ദ നേതൃത്വം മറുപടി പറയണം. അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകണം. എഡിജിപിയാണ് പൂരം കലക്കിയതിന് പിന്നിൽ എന്ന് വ്യക്തമായിരിക്കുകയാണ്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ടിഎൻ പ്രതാപൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു
'എഡിജിപി അജിത് കുമാർ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും പ്രതിനിധിയാണ്. ആർഎസ എസ് എന്ന വർഗീയ ഫാസിസ്റ്റ് സംഘടനയുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നത് വളരെ ഗുരുതരമായ കാര്യമാണ്. മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു കൂടിക്കാഴ്ച നടക്കില്ല. സ്പെഷ്യൽ ബ്രാഞ്ച് അന്ന് തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാർ എഡിജിപിയിൽ നിന്നും റിപ്പോർട്ട് തേടാതിരുന്നത്. മുഖ്യമന്ത്രി ഇതൊക്കെ മൂടിവെയ്ക്കുകയാണ് ചെയ്തത്.

തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ മോദിയുടേയും ബിജെപിയുടേയും ആർഎസ്എസിന്റേയും അഭിമാന പ്രശ്നമായിരുന്നു തൃശൂരിൽ ജയിക്കണമെന്നത്. തൃശൂരിൽ സാധാരണ നിലയിൽ അവർക്ക് ജയിക്കാൻ സാധിക്കുമായിരുന്നില്ല. ബിജെപി ജയിക്കണമെങ്കിൽ സിപിഎമ്മുമായി ചില ഡീൽ ഉണ്ടാകണമായിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഇഡി അന്വേഷണം നിശ്ചലമാക്കാനുളള പ്രതിഫലമായിരുന്നു തൃശൂർ ബിജെപിക്ക് നൽകിയത്. കൂടാതെ സിപിഎമ്മിന്റെ മുൻ എംപി , എംഎൽഎ, സിറ്റിങ് എം എൽ എ എന്നിവർക്കെതിരെ കരുവന്നൂർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഇഡി കേസ് ഒഴിവാക്കണമായിരുന്നു. ഇതിനെല്ലാം വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ വീണ വിജയന്റെ പേരിലുള്ള കേസ് ഒഴിവാക്കാമെന്നും സിപിഎം നേതാക്കൾക്കെതിരായ അന്വേഷണം ദുർബലപ്പെടുത്താമെന്നും ധാരണ ഉണ്ടാക്കി. ആ ധാരണക്ക് ശക്തിപകരനാണ് സിറ്റി പോലീസ് കമ്മീഷ്ണറെ കൊണ്ട് പൂരം കലക്കിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് എഡിജിപി-ആർഎസ്എസ് നേതാവിന്റെ കൂടിക്കാഴ്ച നടന്നത്. ഇക്കാര്യത്തിൽ സി പി എം കേന്ദ നേതൃത്വം മറുപടി പറയണം.അല്ലെങ്കിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകണം. എഡിജിപിയാണ് പൂരം കലക്കിയതിന് പിന്നിൽ എന്ന് വ്യക്തമായ സ്ഥിതിക്ക് ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം', പ്രതാപൻ പറഞ്ഞു.
കൂടിക്കാഴ്ച നടത്തിയതിൽ എന്താണ് തെറ്റെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയേയും പ്രതാപൻ പരിഹസിച്ചു. ഗോവിന്ദൻ മാഷിനും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണം. സിപിഎം ഭരിക്കുന്ന കേരളത്തിലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായി പോലും എഡിജിപി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നിരിക്കെ ഗോവിന്ദൻ മാഷിന്റെ പ്രതികരണം പരിഹാസ്യമാണ്. സിപിഎം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തൽ വിശദീകരണം നൽകണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications