'സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി കാണുന്നത് പോലെയാകും..എംപിമാരെ മത്സരിപ്പിക്കരുത്';രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂരിലും കോന്നിയിലും അനിശ്ചിതത്വം തുടരുന്നതിനിടെ എംപിമാരെ മത്സരിപ്പിക്കരുതെന്ന് ആവർത്തിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഒരാൾക്ക് മത്സരിക്കാൻ ഇളവ് നൽകിയാൽ കൂടുതൽ പേർ ആവശ്യം ഉന്നയിച്ച് വരുമെന്നും പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ അത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ആദ്യമേ പറഞ്ഞതാണ് ഞാൻ മത്സരിക്കാനില്ല, മാത്രമല്ല പാർലമെന്റ് അംഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത് എന്ന്. ഏതെങ്കിലും ഒരാൾക്ക് അവസരം കൊടുക്കാൻ തയ്യാറായാൽ രണ്ടാമത്തെ ആൾ വരും മൂന്നാമത്തെ ആള വരും. അത് പാർട്ടിയുടെ മുഴുവൻ പ്രതിച്ഛായയേയും ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാൻ ആദ്യമായി ഈ മുന്നറിയിപ്പ് പാർട്ടിക്ക് കൊടുത്തത്. എംപിമാരുടെ ജോലി എന്ന് പറയുന്നത് അവരുടെ പാർലമെൻറ് മണ്ഡലത്തിൽ വരുന്ന അസംബ്ലിയിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നുള്ളതാണ് .ആ ദൗത്യമാണ് അവർ ഏറ്റെടുക്കേണ്ടത്.

എംപിമാർ മത്സരിക്കണം എന്ന് പറയുന്ന ഈ രണ്ട് മണ്ഡലങ്ങൾ അതാ ഒഴിച്ചിട്ടിരിക്കുന്ന കോന്നിയും കണ്ണൂരും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാൽ പ്രശ്നം തീർന്നല്ലോ .പിന്നെ അവര ഒരിക്കലും ഇവിടെ സ്ഥാനാർത്ഥിത്വം വേണമെന്ന് പറഞ്ഞു നിൽക്കില്ലല്ലോ. എംപിമാരുടെ ആഗ്രഹങ്ങൾക്ക് തിരശിര വീഴണമെങ്കിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അടിയന്തരമായി നടത്തിയാൽ അതോടുകൂടി തീരുമല്ലോ.
കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുകയാണ്. പാർലമെന്റ് അംഗങ്ങൾക്ക് സീറ്റ് കൊടുക്കരുത് എന്ന് പറഞ്ഞ എന്നെ കാണുന്നത് അദ്ദേഹത്തിന് ചതുർത്ഥി കാണുന്നതിന് തുല്യമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഞാൻ അദ്ദേഹത്തെ കാണുന്നില്ല', രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർഗോട് സ്ഥാനാർത്ഥി പട്ടികയിൽ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
' 2019ൽ കാസർഗോട്ട് മത്സരിച്ച് 40438 വോട്ടിന് ജയിച്ച ഒരു എംപി ആണ് ഞാൻ. ആ മണ്ഡലം പൊന്നുപോലെ ഞാൻ നഴ്സ് ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ആധിപത്യമുള്ള ആ മണ്ഡലം, പണ്ട് നെഹ്റുവിനെ പോലും വെല്ലുവിളിക്കാൻ എകെ ഗോപാലന് ആത്മധൈര്യം കൊടുത്ത മണ്ഡലം, ആ മണ്ഡലത്തിൽ രണ്ടാമത്തെ പ്രാവശ്യം ഞാൻ ജയിക്കുമ്പോൾ100640 വോട്ടിനാണ് ഞാൻ ജയിച്ചത്. ഞാൻ ആ മണ്ഡലം പൊന്നുപോലെ നോക്കുന്നുണ്ട്. ആ മണ്ഡലത്തിൽ എന്നെ അപമാനിച്ച അവഹേളിച്ച അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെങ്കിലുമാണ് സ്ഥാനാർത്ഥിയായി വരുന്നതെങ്കിൽ അതിന്റെയൊക്കെ വിനാശകാലേ വിപരീത ബുദ്ധി എന്നേ എനിക്ക് പറയാനുള്ളൂ. കാസർഗോഡ് ജില്ലയിലെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി എതിർക്കുന്ന ഒരാളിന് സീറ്റ് കൊടുത്താൽ അത് ഒരിക്കലും ഈ മുന്നണിയുടെ വിജയത്തിന് ഉതകുന്ന ഒന്നായിരിക്കില്ല', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications