പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി,പോലീസിനെ കണ്ടപ്പോള്‍ കിണറ്റിലിറങ്ങി ആത്മഹത്യ ശ്രമം;സംഭവം കൊച്ചിയില്‍
മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസിന് പ്രതിയെ കീഴടക്കാനായത്.
കൊച്ചി: നാടകീയ രംഗങ്ങളാണ് ഡിസംബര്‍ 6 ചൊവ്വാഴ്ച വൈകീട്ട് കാക്കനാട് സീ പോര്‍ട്ട്-എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് പ്രതിയെ പിടികൂടാന്‍ ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം വേണ്ടി വന്നു.
മഞ്ഞുമ്മല്‍ സ്വദേശി വിവേകാണ് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മണിക്കൂറുകളോളം വട്ടംകറക്കിയത്. പറവൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട ഇയാള്‍ മണിക്കൂറുകളോളം തൊട്ടടുത്ത വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

വിവേക് ഒന്നാം പ്രതി
എറണാകുളം പറവൂരില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സീപോര്‍ട്ട് റോഡിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തിയത്. വിവേക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയും കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

എത്തിയത് കിണറ്റിന്റെ കരയില്‍...
സീപോര്‍ട്ട് റോഡില്‍ നിന്ന് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട വിവേക് എത്തിയത് ഓണം പാര്‍ക്കിന് സമീപമുള്ള അലിയുടെ പുരയിടത്തില്‍. വീട്ടിലെ കിണറ്റിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ ഉയര്‍ത്തിയാണ് പ്രതി കിണറ്റിലേക്കിറങ്ങിയത്. കിണറിന്റെ അരഭിത്തിയില്‍ ഇരിപ്പുറപ്പിച്ച വിവേക് ബക്കറ്റിന്റെ കയര്‍ എടുത്ത് കഴുത്തിലൂടെ ചുറ്റുകയും ചെയ്തു.

ചാനലുകാരെ വിളിക്കാന്‍ അഭ്യര്‍ത്ഥന
കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് പ്രതി ആവര്‍ത്തിച്ചപ്പോള്‍ പോലീസ് പിന്നെ അടുത്തേക്ക് പോയില്ല. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ വിവരമറിയിക്കാനും കൂടി നിന്ന ആളുകളോട് പ്രതി ആവശ്യപ്പെടുന്നുണ്ടായിരുന്നു.

ശ്രദ്ധ മാറിയപ്പോള്‍ കീഴടക്കി
ഇതിനിടയില്‍ പോലീസും നാട്ടുകാരും പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കിണറ്റില്‍ നിന്ന് കയറാന്‍ വിവേക് കൂട്ടാക്കിയില്ല. മൊബൈല്‍ഫോണില്‍ വീഡിയോ എടുക്കുന്ന ചിലരോട് കാര്യങ്ങള്‍ വിളിച്ചു പറയുന്നതിനിടയില്‍ യുവാവിന്റെ ശ്രദ്ധ മാറിയെന്ന് മനസിലാക്കിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും അതിസാഹസികമായാണ് വിവേകിനെ കീഴടക്കിയത്.

ഒടുവില്‍ കെട്ടിയിട്ട് കൊണ്ടുപോയി
കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോള്‍ വിവേക് വീണ്ടും ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഒടുവില്‍ പ്രതിയുടെ കൈയും കാലും കെട്ടിയിട്ടാണ് പോലീസ് ജീപ്പിലേക്ക് എത്തിച്ചത്.












Click it and Unblock the Notifications