ഇടമലക്കുടിയിൽ പോയത് ഡീൻ കുര്യാക്കോസ് ക്ഷണിച്ചിട്ട്; വിമർശിക്കുന്നവരോട് മറുചോദ്യങ്ങളുമായി സുജിത് ഭക്തൻ
ഇടമലക്കുടി വിവാദത്തിൽ കൂടുതൽ വിശദീകരണങ്ങൾ കഴിഞ്ഞ ദിവസം തന്നെ സുജിത് ഭക്തൻ ഫേസ്ബുക്കിലൂടെ നൽകിയിരുന്നു. അതിന് താഴെ വിമർശനങ്ങളും പിന്തുണയും ഒക്കെ ആയി ഒരുപാട് പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. എന്തായാലും അതിലെല്ലാം സുജിത് ഭക്തൻ ഒരുകാര്യം ഉറപ്പിച്ച് പറയുന്നുണ്ട്. തങ്ങളെ ആ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയത് എംപിയായ ഡീൻ കുര്യാക്കോസ് ആണെന്നതാണത്.
അനുമതി നേടിയിരുന്നോ എന്ന ചോദ്യത്തിനും ഇതേ ഉത്തരം തന്നെയാണ് സുജിത് നൽകുന്നത്. അതിനിടെ വിമർശനം ഉന്നയിക്കുന്നവരെ മറ്റ് ചില ചോദ്യം കൊണ്ടാണ് സുജിത് നേരിടുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

എംപിയ്ക്കൊപ്പം
ഇടുക്കി എംപി ആയ ശ്രീ ഡീൻ കുരിയാക്കൊസിന്റെ ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റേത് എന്നെഴുതിയ ജീപ്പിലുമായി ഞങ്ങൾ ആറുപേർ കഴിഞ്ഞ ഞായറാഴ്ച ഇടമലക്കുടി എന്ന ട്രൈബൽ വില്ലേജിലേക്ക് പോയി. അവിടുത്തെ സ്‌കൂളിൽ 135 കുട്ടികളാണ് പഠിക്കുന്നത്. ഈ 135 കുട്ടികൾക്ക് പഠിക്കാനായി അവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്. ഒരു ക്ലാസ് മുറിയിൽ മൂന്നും നാലും ക്ളാസുകൾ ഒരേ സമയം നടത്തുന്നു. ക്ലാസ് മുറിയിൽ തന്നെ അവിടുത്തെ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, താമസിക്കാൻ സ്ഥലമില്ലാത്ത് കൊണ്ട് അവർ ഓഫീസ് റൂമിൽ കിടന്നുറങ്ങുന്നു.

ടിവിയും ഉപകരണങ്ങളും
ഇന്റർനെറ്റും ഫോണും ഒന്നുമില്ലാത്ത കാട്ടിനുള്ളിലെ ഈ ഗ്രാമത്തിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നത് അത്യധികം പ്രധാനം നൽകേണ്ട ഒരു കാര്യമാണ്. ആ സ്‌കൂളിലേക്ക് ടി വി അനുബന്ധ ഉപകരണങ്ങൾ എം പി ഇടപെട്ട് ഞങ്ങൾ നൽകുകയും, സ്‌കൂളിന്റെ മുഖം തന്നെ മാറ്റുന്ന തരത്തിൽ കലാകാരന്മാരെ കൊണ്ടുവന്ന് സ്‌കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തിരുന്നു. അവർ അവിടുത്തെ കുട്ടികൾക്ക് ക്ളാസുകൾ വരെ എടുത്തിരുന്നു.

ക്ഷണിച്ചിട്ട് പോയതാണ്
എംപിയോടൊപ്പം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ അവിടെ പോകുന്നതും അവിടുത്തെ ഈ ദുരവസ്ഥ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായി ഒരു വീഡിയോ തയ്യാറാക്കി ഇട്ടത്. അതിന്റെ രാഷ്ട്രീയവൽക്കരിച്ച് സുജിത് ഭക്തൻ ഒരു തീവ്രവാദി ആണെന്ന് പോലും പറയുന്ന ആളുകളോട് ഒരു വാക്ക് ചോദിക്കട്ടെ.

ഇതാ ചോദ്യങ്ങൾ
എന്തുകൊണ്ട് നിങ്ങൾ അവിടെ പോയി ഇതൊന്നും ചെയ്തില്ല?
അവിടെയുള്ള കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ല ക്ലാസ് മുറികൾ പണിത് നൽകാമോ?
അവിടേക്കുള്ള റോഡ് പണിയാൻ മുൻ കൈ എടുക്കാമോ?
അവിടെയുള്ള അധ്യാപകർക്ക് കുറച്ച് സഹായം ചെയ്ത് കൊടുക്കാമോ?
അവിടെയുള്ള കുട്ടികൾ നാലാം ക്ലാസ് കഴിഞ്ഞാൽ എവിടെ പോയി പഠിക്കണം?
അധ്യാപകരാണ് കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. കുക്ക് എവിടെ?
135 കുട്ടികൾക്ക് എത്ര അധ്യപകർ ഉണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ?

രാഷ്ട്രീയം മാത്രം കണ്ട് ചൊറിയരുത്
ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യുമ്പോ അതിൽ രാഷ്ട്രീയം മാത്രം കണ്ടു ചൊറിയാതെ, അവരെ സഹായിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യൂ. അപ്പോഴും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. വിവാദ വീഡിയോ കാണാത്തവർ ദയവായി കണ്ടതിന് ശേഷം മാത്രം അഭിപ്രായങ്ങൾ പറയുക. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഞങ്ങൾ അവിടെ പോയി വന്നതും. അതും തികച്ചും സ്ഥലം എം പിയുടെ ഒരു ഔദ്യോഗിക പരിപാടി.












Click it and Unblock the Notifications