"എൻഎസ്എസ് ആസ്ഥാനം തൃശൂരല്ല": സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുത്തതുപോലെ എൻഎസ്എസിനെ കൈപ്പിടിയിലൊതുക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരിയിലെ എൻഎസ്എസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി ഇതുവരെ എൻഎസ്എസ് ആസ്ഥാനത്ത് വന്നിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് ഒരിക്കൽ എത്തിയതെന്നും സുകുമാരൻ നായർ പരിഹസിച്ചു. അനുവാദം ചോദിക്കാതെയാണ് അദ്ദേഹം എൻഎസ്എസിന്റെ പരമാധികാര സഭയിലേക്ക് കടന്നുവന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ഗോപിക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. സതീശനെ കോൺഗ്രസ് കെട്ടഴിച്ചു വിട്ടിരിക്കുകയാണെന്നും നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ അദ്ദേഹത്തിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
എൻഎസ്എസ് എന്നും എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് സ്വീകരിക്കുന്നത്. സംഘടനയുടെ നീക്കങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സമുദായ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications