സമ്മർ ബംബർ ലോട്ടറി: ഇതുവരെ വിറ്റുപോയത് 19 ലക്ഷം ടിക്കറ്റുകള്‍: ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയില്‍
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയർ ബംബറിന് പിന്നാലെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയില്‍ ഇറക്കിയ സമ്മർ ബംബറിന്റെ വില്‍പ്പനയും പൊടിപൊടിക്കുന്നു. 10 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സമ്മർ ബമ്പർ (ബി ആർ 102) ആദ്യ ഘട്ടത്തിൽ 24 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്ക് എത്തിച്ചത്. ഇതിൽ ഏകദേശം 19 ലക്ഷത്തോളം ടിക്കറ്റുകൾ (18,65,180) ഇതിനോടകം വിറ്റുപോയി. ശേഷിക്കുന്ന ടിക്കറ്റുകള്‍ വിറ്റുപോകുന്ന മുറയ്ക്ക് വീണ്ടും ടിക്കറ്റുകള്‍ അടിച്ചിറക്കും.
250 രൂപ ടിക്കറ്റു വിലയുള്ള സമ്മർ ബമ്പർ ഇതിനോടകം ഏറ്റവും കൂടുതൽ വിറ്റത് പാലക്കാട് ജില്ലയിലാണ്. 446640 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ വിറ്റു പോയത്. 209020 ടിക്കറ്റുകൾ വിറ്റ തൃശൂർ ജില്ല രണ്ടാമതും 196660 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല മൂന്നാമതും എത്തി. രണ്ടാം സമ്മാനം എല്ലാ പരമ്പരകളിലുമായി 50 ലക്ഷം രൂപയും മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനം എന്നിങ്ങനെ ആകർഷകമായ സമ്മാന ഘടനയാണ് സമ്മർ ബമ്പറിന് ഏർപ്പെടുത്തിയിട്ടുള്ളത്.

കൂടാതെ 5000 ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുള്ള സമ്മർ ബമ്പർ ഭാഗ്യക്കുറി ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും. ക്രിസ്മസ്-ന്യൂഇയർ ബംബറിന്റെ നറുക്കെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ലോട്ടറി ആസ്ഥാനത്ത് നടത്തിയ ചടങ്ങിലാണ് പുതിയ സമ്മർ ബംബർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവ്വഹിച്ചത്.
ക്രിസ്തുമസ്-ന്യൂഇയർ ബംബറിന്റെ ആകെ 50 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്ക് എത്തിച്ചതിൽ 4765650 ടിക്കറ്റുകളും വിറ്റു പോയിരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പറിനെ അപേക്ഷിച്ച് 258,840 ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റത്. സമാനമായ രീതിയുള്ള വമ്പന്‍ വില്‍പ്പനയാണ് സമ്മർ ബംബറിനും സർക്കാർ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഒന്നാം സമ്മാനർഹമായ ടിക്കറ്റു വിറ്റ ഏജന്റ് ഉൾപ്പെടെ 22 ഭാഗ്യവാൻമാരെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ബമ്പർ ഭാഗ്യക്കുറി സൃഷ്ടിച്ചത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ സത്യനായിരുന്നു ഇത്തവണത്തെ ക്രിസ്തുമസ്-ന്യൂഇയർ ബംബർ ജേതാവ്. എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നായ XD387132 എന്ന ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നായിരുന്നു സത്യന്‍ സമ്മാനർഹമ്മായ ലോട്ടറിയുള്‍പ്പെടേയുള്ള ടിക്കറ്റുകള്‍ വാങ്ങിയത്.












Click it and Unblock the Notifications