20 കോടി കൈയ്യീന്ന് പോയോ? എന്നാൽ ഇനി 10 കോടി പിടിക്കാം; വൻ സമ്മാനങ്ങളുമായി സമ്മർ ബംപർ ഇറങ്ങി
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബംപർ ഭാഗ്യക്കുറി സമ്മാനം കിട്ടിയില്ലെന്ന നിരാശ മാറ്റിവെക്കാം. ഇതാ സമ്മർ ബംപർ എത്തിപ്പോയി. ഇന്നലെയാണ് ഭാഗ്യക്കുറി ടിക്കറ്റ് സർക്കാർ പുറത്തിറക്കിയത്. 10 കോടിയാണ് ഒന്നാം സമ്മാനം.
സമ്മർ ബമ്പർ ഭാഗ്യക്കുറിയും ആകർഷകമായ സമ്മാനഘടനയുമാണെത്തുന്നത്. ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നൽകുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപയാണ് നറുക്കെടുപ്പ് 2024 മാർച്ച് 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

അതേസമം ക്രിസ്മസ്-ന്യൂയർ ബംപർ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. തിരുവനന്തപുരം കിഴക്കേക്കോട്ട കിഴക്കേനടയിലെ ലക്ഷ്മി ലക്കിസെന്റർ എന്ന കടയിൽ നിന്ന് വിറ്റ എക്സ്.സി. 224091 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ഏജൻസിയിൽ നിന്നായിരുന്നു കട ഉമയായ ദൊരൈ രാജ് ടിക്കറ്റ് വാങ്ങിയത്. ഫലം പ്രഖ്യാപിച്ച പിന്നാലെ തന്നെ വിൽപന നടത്തിയ കട തിരിച്ചറിഞ്ഞെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.
തിരുവനന്തപുരത്തുള്ള ആൾ ആണോ അതോ വിജയി അതിർത്തി കടന്നോയെന്നുള്ള കൗതുകം നിലനിൽക്കുന്നുണ്ട്. മണ്ഡലകാലമായതിനാൽ കടയിലെത്തി ടിക്കറ്റെടുത്തവരിൽ പലരും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് ദൊരൈ രാജ് പറയുന്നു. എന്തായാലും വൈകാതെ 20 കോടിയുടെ ഭാഗ്യവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ദൊരൈ രാജ്. എന്നിരുന്നാലും തന്റെ പേര് വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2022 ൽ തിരുവോണം ബംപർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി ലോട്ടറി അടിച്ചപ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടികൾ വിവരിച്ച് രംഗത്തെത്തിയിരുന്നു. സ്വന്തം നാട്ടിൽ നിന്നും പോകേണ്ടി വന്നെന്നും മറ്റൊരിടത്ത് വീടുവെച്ചെന്നുമൊക്കെ അനൂപ് പറഞ്ഞിരുന്നു. അതിന് ശേഷം പിന്നീട് ബംപർ സമ്മാനങ്ങൾ നേടിയവരാരും തന്നെ തങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ക്രിസ്മസ്-ന്യൂയർ ബംപറിന്റെ കാര്യത്തിലും മാറ്റമുണ്ടാകാൻ സാധ്യത ഇല്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications