യുകെയില്‍ കനത്ത ചൂട്: പരേഡ് റിഹേഴ്സലിനിടെ മൂന്ന് സൈനികർ വില്യം രാജകുമാരന് മുന്നില്‍ കുഴഞ്ഞ് വീണു
ലണ്ടന്‍: പരേഡ് റിഹേഴ്സലിനിടെ തളർന്ന് വീണ് മൂന്ന് ബ്രിട്ടീഷ് സൈനികർ. വില്യം രാജകുമാരനുള്‍പ്പടേയുള്ള പ്രമുഖർ പങ്കെടുത്ത പരിപാടിക്കിടെയാണ് സൈനികർ തളർന്ന് വീണത്. ട്രൂപ്പിംഗ് ദി കളർ പരേഡിനായുള്ള റിഹേഴ്സലിനിടെയാണ് സംഭവമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ചൂടാണ് സൈനികരുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ റിപ്പോർട്ട്. 30 ഡിഗ്രി സെൽഷ്യസ് ചൂടില്‍ പരമ്പരാഗത കമ്പിളി വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു പട്ടാളക്കാർ അണിനിരന്നത്.
സാഹചര്യം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും എല്ലാവരും നന്നായി പ്രവർത്തിച്ചെന്ന് വില്യം രാജകുമാരന്‍ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കി. "ഇന്ന് രാവിലെ ചൂടിൽ പരേഡ് റിഹേഴ്സലില്‍ പങ്കെടുത്ത എല്ലാ സൈനികർക്കും വലിയ നന്ദി. ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു, പക്ഷേ നിങ്ങൾ എല്ലാവരും നല്ലരീതിയില്‍ ജോലി ചെയ്തു. നന്ദി. " വില്യം രാജകുമാരന്‍ ട്വിറ്ററില്‍ കുറിച്ചു.

"ഇതുപോലുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കഠിനാധ്വാനവും തയ്യാറെടുപ്പും എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യങ്ങളിൽ" മറ്റൊരു ട്വീറ്റില്‍ രാജകുമാർ കുറിച്ചു. കുഴഞ്ഞുവീണ സൈനികന്‍ എഴുന്നേറ്റ് പരേഡ് തുടരാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അദ്ദേഹം കുഴഞ്ഞ് വീഴുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടർന്ന് ഡോക്ടർമാർ എത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സൗത്ത് ഇംഗ്ലണ്ടിൽ ചൂടുള്ള കാലാവസ്ഥ മുന്നറിയിപ്പ് നൽകിയതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. രാജാവിന്റെ ഔദ്യോഗിക ജന്മദിനം പ്രമാണിച്ച് എല്ലാ ജൂണിലും നടത്തുന്ന വാർഷിക സൈനിക പരേഡായ ട്രൂപ്പിംഗ് ദി കളറിന്റെ റിഹേഴ്സലായിരുന്നു ഇന്നത്തെ പരിപാടി. ജൂൺ 17ന് നടക്കുന്ന ചടങ്ങുകൾക്ക് ചാൾസ് മൂന്നാമൻ രാജാവ് മേൽനോട്ടം വഹിക്കും.












Click it and Unblock the Notifications