വയനാടിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; വീട് വെക്കാൻ ഈ പണം തികയില്ലെന്ന് സണ്ണി ജോസഫ്
ഒടുവിൽ വയനാട് വീട് നിര്‍മാണത്തിനായി പിരിച്ച പണത്തിന്‍റെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ് നേതൃത്വം. ആകെ 5,38,21,632 രൂപയാണ് പിരിച്ചതെന്നും ഇതിന് പുറമെ യൂത്ത് കോണ്‍ഗ്രസ് ഒരുകോടി അഞ്ച് ലക്ഷംരൂപ നല്‍കിയന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിൽ വീട് വെയ്ക്കുന്നതിന് ഈ തുക മതിയാകാത്ത സാഹചര്യമാണുള്ളതെന്നും അതിനാൽ ഇനി കെ പി സി സിയുടേയും എ ഐ സി സിയുടേയും ഫണ്ട് ഉപയോഗിച്ചായിരിക്കും വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷ നേതാവിന്‍റെയും കെപിസിസി അധ്യക്ഷൻ്റേയും ജോയിന്റ് അക്കൗണ്ടിലാണ് പൈസയുള്ളത്. ആ അക്കൌണ്ടിൽ ഇതുവരെ ലഭിച്ചത് 5,38,21,632 രൂപയാണ് . ആദ്യഘട്ടത്തിൽ മൂന്ന് ഏക്കർ ഇരുപത്തിനാലര സെൻ്റ് ഭമി 3,68,36.388 രൂപ ചെലവിൽ വാങ്ങി.യൂത്ത് കോൺഗ്രസിന് ഒരു കോടി അഞ്ച ലക്ഷം രൂപ പിരിച്ച് അവരത് കെപിസിസിക്ക് നൽകുകയും ചെയ്തു. കെ സുധാകാരൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഈ ഫണ്ട് കളക്ഷന് വേണ്ടി ആപ്പ് നിർമ്മിക്കുന്നതിനും മറ്റുമായിട്ട് 9,30,000 രൂ ചെലവായിരുന്നു. രണ്ടാം ഘട്ടത്തിൽ രണ്ടേക്കർ 18 സെൻ്റ് ഭൂമി ഏറ്റെടുക്കാൻ 2,50,30,272 രൂപയാണ് കൊടുത്തത്.

ഇതിനായിട്ട് കോൺഗ്രസ് പാർട്ടിയും യൂത്ത് കോൺഗ്രസും പിരിച്ചത് തികയാതെ വന്നപ്പോൾ കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 9751212 രൂപ അധികമായിട്ട് ചെലവ് ചെയ്തിട്ടുണ്ട്. ഇനി ഭൂമി വാങ്ങുന്നതിന് 7390985 രൂ കൂടി വേണ്ടതുണ്ട്. ഭൂമിയുടെ രജിസ്ട്രേഷനും അതിന്റെ സർവേ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കാണ് ഇത്. ഈ ഭൂമി ഇടപാടുകൾ എല്ലാം തന്നെ അക്കൗണ്ട് വഴിയാണ് കൊടുത്തിട്ടുള്ളത്. ഒന്നും ക്യാഷ് നേരിട്ട് നൽകിയിട്ടില്ല .എല്ലാം തെളിവുള്ള സംഗതികളാണ്. ഇതാണ് യാഥാർത്ഥ്യം. ഒരു സംശയത്തിന്റെ പുകമറ ഉണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവിടെ ഏറ്റവും സജീവമായിട്ട് പ്രവർത്തിച്ച ടി സിദ്ധിഖിൻ്റെ ഓഫീസിലേക്കാണ് അവർ മാർച്ച് നടത്തിയത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.
ഞങ്ങൾ വീട് നിർമ്മിക്കുന്നതിനു വേണ്ടി വാങ്ങിയ സ്ഥലത്താണ് അവര് കയ്യേറി വീട് സ്ഥാപിക്കാൻ തുടങ്ങിയത്. ഇങ്ങനെയാണോ ഒരു രാഷ്ട്രീയ നേതൃത്വം നിലപാട് സ്വീകരിക്കേണ്ടത്? ഇനിയും ഞങ്ങൾ പൈസ സമാഹരിക്കും. വീട് നിർമിക്കാൻ വേണ്ടിയിട്ടുള്ള പണം ഇപ്പോൾ നിലവിൽ കയ്യിലില്ല. പാർട്ടിക്ക് പണമുണ്ട് ആ പണം ഉപയോഗിച്ച് വീട് നിർമ്മിക്കും. ഇപ്പോൾ തന്നെ പിരിച്ച പൈസയിൽ കൂടുതൽ ഞങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇനി ഫണ്ട് കളക്ഷൻ ഇല്ല .എഎസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ഞങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കും', സണ്ണി ജോസഫ് വിശദീകരിച്ചു.












Click it and Unblock the Notifications