മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത അവാർഡ് ചടങ്ങിനിടെ സൂര്യാഘാതം: 11 പേർ മരിച്ചു,
മുംബൈ: മഹാരാഷ്ട്രയില്‍ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചു. ഞായറാഴ്ച നടന്ന മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ തുറസ്സായ സ്ഥലത്ത് ഇരുന്ന 11 പേർ സൂര്യാഘാതമേ മരിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാണ് അറിയിച്ചത്. അമ്പതിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അറിയിച്ചു. അതേസമയം അറുന്നൂറോളം പേർക്ക് പരിക്കേറ്റുവെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹിക പ്രവർത്തകൻ അപ്പാസാഹെബ് ധർമാധികാരിക്ക് സമ്മാനിച്ചു. നവി മുംബൈയിൽ നടന്ന പരിപാടിയിൽ പകൽ താപനില 38 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അപകടത്തിന് പിന്നാലെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്ത് വന്നു. ആസുത്രണമില്ലായ്മയാണ് അപകടത്തിന് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഷിൻഡെയും ഫഡ്‌നാവിസും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലെ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അവാർഡ് ഏറ്റുവാങ്ങിയ അപ്പാസാഹെബ് ധർമാധികാരിയുടെ ആയിരക്കണക്കിന് വരുന്ന അനുയായികളായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാവിലെ 11.30ന് ആരംഭിച്ച അവാർഡ്ദാന ചടങ്ങ് ഉച്ചയ്ക്ക് രണ്ട്മണിവരെ നീണ്ടു.
വേദിയോട് ചേർന്ന കുറഞ്ഞ സ്ഥലത്ത് മാത്രമായിരുന്നു പന്തല്‍ ഉണ്ടായിരുന്നത്. ബാക്കിവരുന്ന വലിയൊരു ഭാഗത്ത് തുറന്ന സ്ഥലത്ത് നിന്നായിരുന്നു ആളുകള്‍ പരിപാടികള്‍ കണ്ടിരുന്നു. രാവിലെ എട്ട് മണിയോടെ തന്നെ ആളുകളെ വേദിയിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. മെഡിക്കല്‍ സൌകര്യം ഉള്‍പ്പടെ വേദിക്ക് അരികില്‍ സഞ്ജീകരിച്ചിരുന്നെങ്കിലും നിരവധി പേർക്ക് സൂര്യാഘാതമേറ്റതോടെ ഇതൊന്നും ഫലപ്രദമായില്ല.
'ഡോക്ടർമാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, ഇന്ന് 7-8 പേർ മരിച്ചു, 24 പേർ ചികിത്സയിലാണ്. ഇത് സൂര്യാഘാതമാണ്. 50 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 24 പേർ ഇപ്പോഴും അവിടെയുണ്ട്, ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു," മുഖ്യമന്ത്രി ഷിൻഡെ ആശുപത്രിയിൽ നിന്ന് വരുമ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ പണം നൽകുമെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
"ഇന്ന് രാവിലെ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത ചില അംഗങ്ങൾ സൂര്യാഘാതമേറ്റ് മരിച്ചുവെന്നത് വളരെ നിർഭാഗ്യകരവും വേദനാജനകവുമാണ്... അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു," ഫഡ്‌നാവിസ് മറാത്തിയിൽ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications