സുപ്രഭാതം പത്രം സെപ്റ്റംബര്‍ 1 മുതല്‍
കോഴിക്കോട്: സമസ്തയുടെ നേതൃത്വത്തിലുള്ള സുപ്രഭാതം പത്രം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രസിദ്ധീകരണം തുടങ്ങും. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നേരത്തേ തുടങ്ങിയിരുന്നു.
കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് മുന്നിലെ വേദിയില്‍ വച്ചാണ് ഉദ്ഘാടനം. സമസ്തയുടെ രക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പത്രം ഉദ്ഘാടനം ചെയ്യും.

മുസ്ലീം ലീഗിനോടുള്ള സമസ്തയുടെ അഭിപ്രായ വ്യത്യാസങ്ങളാണ് പുതിയ പത്രം എന്ന ആശയത്തിന് പിറകിലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സമസ്തയും മുസ്ലീം ലീഗും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. രണ്ട് മാസത്തെ പ്രചാരണത്തിലൂടെ മാത്രം ലക്ഷക്കണക്കിന് വരിക്കാരെ നേടാനായിട്ടുണ്ടെന്നാണ് അണിയറക്കാരുടെ അവകാശവാദം.
കോഴിക്കോട് കേന്ദ്രീകരിച്ച് ഒറ്റ എഡിഷനുള്ള പത്രം ആയിരുന്നു ഇഖ്‌റ പബ്ലിക്കേഷന്‍സ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോഴിക്കോടിനെ കൂടാതെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി , തിരുവനന്തപുരം എഡിഷനുകളും ഒരേ ദിവസം തന്നെ പ്രവര്‍ത്തനമാരംഭിക്കും.
ആകാശവാണി ഡയറക്ടര്‍ ആയിരുന്ന സിപി രാജശേഖരനാണ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്. പത്രം പ്രവര്‍ത്തനം തുടങ്ങും മുമ്പേ രാജശേഖരന്‍ എഡിറ്റര്‍ സ്ഥാനം രാജിവച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സമസ്തയുടെ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ച് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ വിവിധ രാഷ്ട്രീയ, മത, സാമുദായിക സംഘടനകളുടെ നേതാക്കന്‍മാരും മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications