സുപ്രഭാതം പുറത്തിറങ്ങിയില്ല, ഓണ്‍ലൈന്‍ തുടങ്ങി
കോഴിക്കോട്: ആഗസ്റ്റ് 1 ന് പുറത്തിറങ്ങും എന്ന് അവകാശപ്പെട്ടിരുന്ന സുപ്രഭാതം പത്രം പ്രസിദ്ധീകരണം തുടങ്ങിയില്ല. സെപ്റ്റംബര്‍ ഒന്നിനായിരിക്കും പത്രം പുറത്തിറങ്ങുക. എന്നാല്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രവര്‍ത്തനം തുടങ്ങി .
ജൂലായ് 31 നാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തുടങ്ങിയത് . പത്രത്തിന്റെ രക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്റിങ് പ്രസിന്റെ ഉദ്ഘാടനവും ഹൈദരലി തങ്ങള്‍ നിര്‍വ്വഹിച്ചു .

പത്രത്തിന്റെ പ്രസിദ്ധീകരണം തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമല്ല. എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് സിപി രാജശേഖരന്‍ പത്രത്തില്‍ നിന്ന് രാജിവച്ചതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു . എന്നാല്‍ പിന്നീട് മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിച്ചു .
മുസ്ലീം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമസ്ത പുതിയ പത്രം തുടങ്ങുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായിരുന്നു . എന്നാല്‍ ഏതെങ്കിലും പത്രത്തിന് ബദലായിട്ടല്ല സുപ്രഭാതം തുടങ്ങുന്നതെന്നാണ് മാനേജ്‌മെന്റിന്റെ അവകാശ വാദം . മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്നുള്ള പല പ്രമുഖരും ഇപ്പോള്‍ സുപ്രഭാതത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .












Click it and Unblock the Notifications