ഇന്നും ലാവലിനിൽ തീരുമാനമായില്ല, ഒക്ടോബർ 30ന് പരിഗണിച്ചേക്കും
ന്യൂഡൽഹി : എസ് എൻ സി ലാവലിൻ കേസ് ഇന്നും പരിഗണിക്കാതെ സുപ്രീംകോടതി. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികളൊന്നും പരിഗണിച്ചില്ല. വാദം കേട്ട മറ്റു കേസുകൾ നീണ്ടു പോയതിനാൽ സമയ പരിമിതി കാരണമാണ് ലാവലിൻ കേസ് പരിഗണിക്കാതെ ഇരുന്നത്. അതേ സമയം ഇനി വരുന്ന ഒക്ടോബർ 30 ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്.
ലിസ്റ്റിംഗ് പ്രകാരം ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൽ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇന്ന് പന്ത്രണ്ടാമതായി പരിഗണിക്കേണ്ടത് ലാവലിൻ ഹർജികൾ ആയിരുന്നു. എന്നാൽ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്ത ആദ്യ കേസിന്റെ വാദം കേൾക്കൽ 3 മണി വരെ നീണ്ടു. പിന്നീടുള്ള 6 കേസുകൾ മാത്രമാണ് ഇന്ന് ബെഞ്ച് പരിഗണിച്ചത്.

ലാവലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് നാളെ മുതൽ ഭരണ ഘടനാ ബെഞ്ചിന്റെ ഭാഗമാണ്. ഇനി ദസറ അവധിക്ക് ശേഷം മാത്രം ലാവലിൻ കേസ് പരിഗണിക്കാൻ ആണ് സാധ്യത. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ 30 ന് കേസ് ലിസ്റ്റ് ചെയ്യാൻ ആണ് സാധ്യത.
പന്നിയാർ , ചെങ്കുളം , പള്ളിവാസൽ തുടങ്ങിയ സ്ഥലങ്ങളിലെ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിൽ ക്രമക്കേടുണ്ടെന്ന് കാട്ടിയാണ് ലാവലിൻ കേസ് വരുന്നത്. ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാർ നൽകിയത് കാനഡയിലെ എസ് എൻ സി ലാവലിൻ എന്ന കമ്പനിക്കായിരുന്നു. കരാറിൽ ക്രമക്കേടുണ്ടെന്നും 86.25 കോടിയുടെ നഷ്ടം വന്നുവെന്നു കാട്ടിയാണ് കേസ് എടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് കേസ്. 2017 ൽ ഹൈക്കോടതി ഇവർ കുറ്റക്കാരല്ലെന്ന് വിധിയെഴുതിയെങ്കിലും സി ബി ഐ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു.












Click it and Unblock the Notifications