തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതി നടപടി. അന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
നേരത്തെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തി എന്നതാണ് കേസ്. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തി എന്നതാണ് കേസ്.

1990 ഏപ്രില്‍ 4-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രം കോടതിയില്‍ നിന്നും മാറ്റി പകരം മറ്റൊന്ന് വെച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. കോടതി ജീവനക്കാരനായ ജോസ് ആണ് കേസിലെ മറ്റൊരു പ്രതി.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് വിമാനത്താവളത്തില്‍ല വെച്ച് പിടിയിലായത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലായിരുന്നു വിചാരണ. ആന്റണി രാജുവും അദ്ദേഹത്തിന്റെ സീനിയറുമായിരുന്ന സെലിന്‍ വില്‍ഫ്രഡാണ് പ്രതിയുടെ വക്കാലത്തെടുത്തത്. എന്നാല്‍ കേസ് തോല്‍ക്കുകയായിരുന്നു.
പിന്നാലെ പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷന്‍സ് കോടതി വിധിച്ചു. എന്നാല്‍ പ്രതിക്കായി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കുഞ്ഞിരാമമേനോന്‍ ആയിരുന്നു പ്രതിക്ക് വേണ്ടി ഹാജരായത്. കേസില്‍ ആന്‍ഡ്രൂ കുറ്റവിമുക്തനായി. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദം മുഖവിലയ്‌ക്കെടുത്തായിരുന്നു കോടതി നടപടി.
പിന്നാലെ ആന്‍ഡ്രൂ രാജ്യം വിടുകയും ചെയ്തു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വെച്ച് ഒരു കൊലക്കേസില്‍ ആന്‍ഡ്രൂ പ്രതിയായി. തടവില്‍ കഴിയുന്നതിനിടെ ആന്‍ഡ്രൂ സഹതടവുകാരനോട് കേരളത്തിലെ കേസില്‍ അഭിഭാഷകന്റെയും കോടതിയിലെ ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റിയെന്നും അങ്ങനെ താന്‍ കേസില്‍ കുറ്റവിമുക്തനായി എന്നും പറഞ്ഞു. ഇക്കാര്യം സഹതടവുകാരന്‍ പൊലീസിനെ അറിയിച്ചു.
1996 ജനുവരി 25 ന് ഈ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ ഇന്റര്‍പോള്‍ യൂണിറ്റിനും ഇവിടെ നിന്നും കേരള പൊലീസിനും കൈമാറി. ഇതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കുകയും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയുമായിരുന്നു.
കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ ആണ് തിരിമറി നടത്തിയത്. എന്നാല്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി പൊലീസ് ആകാം എന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.












Click it and Unblock the Notifications