സുരാജ് വെഞ്ഞാറമൂടിനെതിരെ എംവിഡി നടപടി: ഒരു ദിവസത്തെ ക്ലാസില്‍ പങ്കെടുക്കണം, കാർ പരിശോധിച്ചു
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. താരത്തിന്റെ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. തുടർ നടപടികളുടെ ഭാഗമായി സുരാജിന് കാരണം കാണിക്കല്‍ നോട്ടീല് നല്‍കും. ഇതിന് പുറമെ ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിന് പിന്നാലെ താരത്തിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. അപകടത്തിന് ഇടയാക്കിയ വാഹനം സ്റ്റേഷനില്‍ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ് അർധരാത്രി എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറുഭാഗത്ത് നിന്നും വരുന്ന ബൈക്കുകമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്ക് യാത്രികനായ ശരത്തിന്റെ കാലിന് ഗുരുതരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. കാര്യമായി പരിക്കേറ്റിരുന്നെങ്കിലും സുരാജ് വെഞ്ഞാറമൂടും ആശുപത്രിയില്‍ എത്തി. അപകടത്തില്‍ പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം,ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയെന്ന് ആരോപിച്ച് സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ കാക്കാനാട് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്‌സാപ്പിലേക്കും അനോണിമസ് നമ്പരുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും വരുന്നെന്നാണ് താരം പരാതിയില്‍ പറയുന്നത്.
സുരാജിന്റെ മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അസഭ്യവര്‍ഷം നടത്താന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നടക്കം ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് സുരാജ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ സുരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സുരാജ് നേരിട്ടുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications