ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവിൽ സൂര്യനുദിക്കട്ടെ: സുരേഷ് ഗോപിക്കെതിരെ ദീപ നിശാന്ത്

കോഴിക്കോട്: അവിശ്വാസികളുടെ സർവ്വ നാശത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്ന ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ക്ഷേത്രങ്ങൾ, ഈശരൻമാർ, അത് ഏത് മതത്തിന്റേതായാലും നല്ലൊരു ആയുധമാണ് അതിന്. അങ്ങനെയാണ് ഞാൻ ഭക്തിയെ കണ്ടിട്ടുള്ളത്. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടായെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ പരിഹാസവും വിമർശനങ്ങളും ശക്തമായത്.

സുരേഷ് ഗോപിയുടെ ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവിൽ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ പറ്റൂ എന്നായിരുന്നു ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ഒരു 'പ്രാക്ക് വീഡിയോ ' കണ്ടു. കഷ്ടം തോന്നി.
മുതിർന്നവരുടെ പാവക്കരടിയാണ് ദൈവമെന്നു പറഞ്ഞത് ഓഷോയാണ്.. കുട്ടികൾ ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ, അവർ വിശ്വസിക്കുന്നത് എല്ലാ പേടികളിൽ നിന്നും ആപത്തുകളിൽ നിന്നും ടെഡ്ഡി തങ്ങളെ രക്ഷിക്കുമെന്നാണ്.. അതുപോലെ തന്നെയാണ് മുതിർന്നവർ ദൈവത്തെ വിശ്വസിക്കുന്നതും.
വലിയ സങ്കടങ്ങളിൽ നിന്നും പിടിച്ചു കയറ്റാൻ , തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ, ചുറ്റുമുള്ള മനുഷ്യരോട് പങ്കുവെക്കാനാകാത്ത സങ്കടങ്ങൾ പങ്കുവെക്കാൻ ഒരാൾ.. അതൊക്കെ മനോഹരമാണ്.അതിലപ്പുറം ഏത് തെറ്റും മൂടി വെക്കുന്ന ,തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന, തങ്ങളെ മാത്രം രക്ഷിക്കുന്ന, മതമൗലികവാദം മുഖമുദ്രയാക്കിയ, അപരമതവിദ്വേഷം വെച്ചു പുലർത്തി അപരനെ ദ്രോഹിക്കുന്ന,നിങ്ങൾ ക്വെട്ടേഷൻ കൊടുത്താൽ അതേറ്റെടുക്കാനിരിക്കുന്ന, ഒരു ക്രൈമിൻ്റെ കൂട്ടുപ്രതിയായാണ് നിങ്ങൾ നിങ്ങളുടെ ദൈവത്തെ കാണുന്നതെങ്കിൽ അതിനോളം വൃത്തികെട്ട ഒരു സങ്കൽപ്പം വേറെയില്ല!
മതവിശ്വാസവും മതഭ്രാന്തും ഒന്നല്ല. നിങ്ങളുടെ ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവിൽ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ പറ്റൂ.












Click it and Unblock the Notifications