സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്ര മന്ത്രിസഭയിലേക്ക്? പുനഃസംഘടന ഉടനെന്ന് സൂചന
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന വിശാല മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. വൈകീട്ട് നാലിനാണ് യോഗം ചേരുക. പുനഃസംഘടനയിൽ കേരളത്തിൽ നിന്നും ഇ ശ്രീധരനേയും സുരേഷ് ഗോപിയേയും പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കേരളത്തിൽ നിന്നുള്ള നേതാക്കളെ നേതൃത്വം പരിഗണിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് സംസ്ഥാനത്ത് ബി ജെ പി പുലർത്തുന്നത്. നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് കേരളത്തിൽ പാർട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടാക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. അതിനിടെ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെയും മാറ്റിയേക്കും. പാർട്ടിയിലും വലിയ രീതിയിലുള്ള അഴിച്ചുപണിയുണ്ടായേക്കുമെന്നും സൂചന ഉണ്ട്. അതിനിടെ ലോക്സസഭ തെരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അടിയന്തര യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്.
കർണാടകയിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയെ സജ്ജമാക്കുക എന്നതാണ് ബി ജെ പിയുടെ പ്രധാന അജണ്ട. മധ്യപ്രദേശ് , രാജസ്ഥാൻ, തെലങ്കാന,ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ മധ്യപ്രദേശിൽ മാത്രമാണ് ബി ജെ പി അധികാരത്തിലുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് വിജയിക്കാനായില്ലെങ്കിൽ അത് ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നൽകുന്ന ആഘാതം ചെറുതായിരിക്കില്ല.
രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പാർട്ടിക്ക് ഇത്തവണ വലിയ തിരിച്ചടി നൽകുമെന്നും ഭരണം തിരിച്ചുപിടിക്കാമെന്നും ബി ജെ പി കരുതുന്നുണ്ട്. തെലങ്കാനയിലും ഇത്തവണ അട്ടിമറിയാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. കർണാടകയിൽ അധികാരം നഷ്ടമായതോടെ ദക്ഷിണേന്ത്യയിൽ ഒരിടത്തും ബി ജെ പി അധികാരത്തിലില്ല. തെലങ്കാനയിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് അത് ബി ജെ പിക്ക് നൽകുന്ന ആശ്വാസം ചെറുതാകില്ല.












Click it and Unblock the Notifications