സുരേഷ് ഗോപിയേയും ശോഭ സുരേന്ദ്രനേയും ബിജെപി കോർ കമ്മിറ്റിയിൽ ഇടംപിടിച്ചേക്കില്ല; കണ്ണന്താനത്തിന് സാധ്യത
പുതുതലമുറ നേതാക്കളെ ഉൾപ്പെടുത്തി ബിജെപി കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന . നടനും മുൻ എംപിയുമായ സുരേഷ് ഗോപി, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ കമ്മിറ്റിയിൽ ഇടം നേടിയേക്കില്ല. അതേസമയം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന് സമിതിയിൽ ഇടംപിടിച്ചു . ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും കണ്ണന്താനത്തെ ഉൾപ്പെടുത്തിയേക്കുക.
കണ്ണന്താനത്തെ കൂടാതെ കെ എസ് രാധാകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരുടെ പേരുകളും പുതിയ കോര്‍ കമ്മിറ്റിയിലേക്ക് പറഞ്ഞ് കേൾക്കുന്നുണ്ട്.

പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരേയും മാത്രമാണ് പൊതുവെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടായിരിക്കും പുനഃസംഘടനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, സി കെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എ എന്‍ രാധാകൃഷ്ണന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍.
സംസ്ഥാന നേതാക്കളുടെ പ്രവർത്തനങ്ങളിൽ ബി ജെ പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനത്ത് ബി ജെ പിക്ക് യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ സാധിക്കാത്തത് നേതാക്കളുടെ പിടിപ്പ് കേട് കൊണ്ടാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന് ഉള്ളത്. മാത്രമല്ല പാർട്ടിയിലെ വിഭാഗീയതയും സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കുന്നതിൽ ബി ജെ പിക്ക് തടസം തീർക്കുന്നുണ്ടെന്ന വിമർശനവും നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് പനഃസംഘടനയ്ക്ക് ബി ജെ പി കോപ്പ് കൂട്ടുന്നത്.
എന്നാൽ ശോഭ സുരേന്ദ്രനെ ഉൾപ്പെടെ ഒഴിവാക്കുന്ന നീക്കം ഉണ്ടായാൽ അത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ തന്നെ ശോഭാ സുരേന്ദ്രനേയും സുരേഷ് ഗോപിയേയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന നിർദ്ദേശം ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു സംസ്ഥാന നേതൃത്വം ഉയർത്തിയത്.












Click it and Unblock the Notifications