വികസനത്തില്‍ കൊമ്പുകോര്‍ത്ത് സുരേഷ് ഗോപിയും വി മുരളീധരനും, ' ഞാന്‍ ചെയ്തത് ജനങ്ങള്‍ക്കറിയാം'
തൃശൂര്‍: കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിന് ശേഷമുള്ള കേരളത്തിലെ വികസനത്തെ ചൊല്ലി പരസ്പരം കൊമ്പുകോര്‍ത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനം പിന്നീട് ആരും നടത്തിയിട്ടില്ലെന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദത്തിനാധാരം.
തൃശ്ശൂരില്‍ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'ലീഡര്‍ ശ്രീ കരുണാകരന്‍ ചെയ്ത കേരളത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇന്ദിരാ ഗാന്ധി എന്ന് പറയുന്ന ദീപസ്തംഭത്തിലുള്ള ഒരു സ്വാധീനം എന്ന് പറയുന്നത് കേരളത്തിന് നന്മയായി വന്ന് ഭവിച്ചിട്ടുണ്ട്. അതിന് ശേഷം ഒ രാജഗോപാലിന് മാത്രമാണ് അതിനോട് അടുത്തെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുള്ളത്,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

എന്നാല്‍ താന്‍ എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് വി മുരളീധരന്‍ തിരിച്ചടിച്ചു. ' എനിക്ക് ബോധ്യമുണ്ടല്ലോ ഞാന്‍ എന്താണ് ചെയ്തതെന്ന്. കേരളത്തിലെ ജനങ്ങള്‍ക്കും ബോധ്യമുണ്ട്. അദ്ദേഹത്തോട് ഒന്നുകൂടി ചോദിക്ക്. അപ്പോള്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് പറയും. നിങ്ങള്‍ പറഞ്ഞത് തന്നെയാണോ അദ്ദേഹം പറഞ്ഞത്, ഉദ്ദേശിച്ചത് എന്ന് മനസിലാകും,' വി മുരളീധരന്‍ പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞതില്‍ എന്തെങ്കിലും വ്യക്തതക്കുറവ് വന്നിട്ടുണ്ടെങ്കില്‍ ഒന്നുകൂടി ചോദിച്ചാല്‍ അദ്ദേഹം വിശദീകരിക്കുമെന്ന് മുരളീധരന്‍ പ്രതികരിച്ചു. അതേസമയം ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ പരാമര്‍ശത്തോട് അദ്ദേഹം പ്രതികരിച്ചില്ല. കെ കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവെന്നും ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ മാതാവെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം തൃശൂരിലെ പ്രശസ്തമായ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കൊന്തയും സമര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. നേരത്തെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ബിജെപി ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടേയുള്ള നേതാക്കളോടൊപ്പമായിരുന്നു സുരേഷ് ഗോപി എത്തിയത്.
കരുണാകരന്റേയും ഭാര്യ കല്യാണ കുട്ടിയുടേയും സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച നടത്തുന്നതിന് പത്മജ വേണുഗോപാലും സാക്ഷിയായിരുന്നു. സന്ദര്‍ശനത്തിന് യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നാണ് പുഷ്പാര്‍ച്ചനയ്ക്ക് പിന്നാലെ സുരേഷ് ഗോപി വ്യക്തമാക്കിയത്. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ എന്ന് സുരേഷ് ഗോപി പറഞ്ഞു.
'എന്റെ തലമുറയിലെ ധീരനായ ഭരണകര്‍ത്താവ് കരുണാകരനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയോടും ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രന്‍ എന്ന് അദ്ദേഹം തന്നെ കല്‍പ്പിച്ചിട്ടുള്ള ആ വാക്കിന്റെ മര്യാദയായിട്ടാണ് രാഷ്ട്രീയമില്ലാതെ, ഒരു ഉന്നത പദവിയില്‍ ഇരുന്നുകൊണ്ട് ഗുരുത്വം നിര്‍വ്വഹിക്കാന്‍ ഞാന്‍ ഇവിടെ എത്തിയത്,' സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലും സുരേഷ് ഗോപി എത്തിയിരുന്നു.












Click it and Unblock the Notifications