സുരേഷ് ഗോപി ആദ്യമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍; മിണ്ടാതെ കാറില്‍ കയറി, നാണമില്ലേ എന്ന് ശിവന്‍കുട്ടി
തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കെ പ്രതികരിക്കാതെ സുരേഷ് ഗോപി. വിവാദത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചിട്ടും ഇതുവരെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരുന്നില്ല. ഇന്ന് ന്യൂഡല്‍ഹിയിലെ ടൂറിസം വകുപ്പിന്റെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങവെ അദ്ദേഹത്തോട് പ്രതികരണം തേടിയെങ്കിലും നില്‍ക്കാനോ, പ്രതികരിക്കാനോ തയ്യാറായില്ല.
മിണ്ടാതെ കാറില്‍ കയറി പോകുകയാണ് സുരേഷ് ഗോപി ചെയ്തത്. തന്റെ മണ്ഡലത്തില്‍ വ്യാജ വോട്ട് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാത്തത് എന്തുകൊണ്ട് എന്ന് കെ മുരളീധരന്‍, വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചിരുന്നു. സുരേഷ് ഗോപിക്ക് നാണമില്ലേ എന്നും മാന്യതയുണ്ടെങ്കില്‍ രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

ദിവങ്ങള്‍ക്ക് മുമ്പാണ് തൃശൂരില്‍ വോട്ട് വിവാദം ശക്തിപ്പെട്ടത്. സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂരില്‍ വോട്ട് ചേര്‍ത്തുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൃശൂരിലെ വിലാസം കാണിച്ച വീട് വിറ്റുപോകുകയും ചെയ്തു എന്നാണ് ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തൊട്ടുപിന്നാലെ തൃശൂരിലെ വോട്ടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
പൂങ്കുന്നത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു എന്ന വിവരമാണ് പിന്നീട് പുറത്തുവന്നത്. 4സി ഫ്‌ളാറ്റിലെ വിലാസത്തില്‍ 9 വ്യാജ വോട്ടര്‍മാരെ കണ്ടെത്തി. ഇവരാരെയും തനിക്ക് അറിയില്ലെന്ന് വീട്ടുടമ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കൂട്ടത്തില്‍ സുരേഷ് ഗോപിയുടെ ഡ്രൈവര്‍ അജയകുമാറും ഉണ്ട് എന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു.
അജയകുമാറിന് തിരുവനന്തപുരം ശാസ്തമംഗലത്താണ് നേരത്തെ വോട്ടുണ്ടായിരുന്നുതത്രെ. ഷാജി വരവൂര്‍, ഹരിദാസ് തുടങ്ങിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് ആലത്തൂര്‍ മണ്ഡലത്തിലായിരുന്നു വോട്ട്. ആരാണ് തന്റെ വോട്ട് തൃശൂര്‍ മണ്ഡലത്തില്‍ ചേര്‍ത്തത് എന്ന് അറിയില്ല എന്ന് ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിദാസ് നേരത്തെ ബിജെപിക്ക് വേണ്ടി മല്‍സരിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂരില്‍ 30000ത്തില്‍ അധികം ഇത്തരം വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു എന്നും സുരേഷ് ഗോപി മാന്യതയുണ്ടെങ്കില്‍ രാജിവച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൃശൂരിലെ വിവാദത്തെ 'സുരേഷ് ഗോപി മോഡല്‍' വോട്ട് ചേര്‍ക്കല്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സുരേഷ് ഗോപിക്ക് ഈ പദവിയില്‍ തുടരാന്‍ നാണമില്ലേ എന്നും ശിവന്‍കുട്ടി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരുവനന്തപുരത്തും സമാനമായ വോട്ട് ചേര്‍ക്കല്‍ നടക്കുന്നു എന്നും ശിവന്‍കുട്ടി ആരോപിച്ചു.
സുരേഷ് ഗോപി രാജിവയ്ക്കണം എന്ന് താന്‍ പറയില്ലെന്നും അദ്ദേഹം കൂടുതല്‍ കാലം ഇരുന്നാല്‍ യുഡിഎഫിനാണ് നേട്ടം എന്നും തൃശൂരില്‍ സ്ഥാനാര്‍ഥി ആയിരുന്ന കെ മുരളീധരന്‍ പറഞ്ഞു. ധാര്‍മികമായി രാജിവയ്ക്കുകയാണ് വേണ്ടത്. ഇനി ഒരു ബിജെപി സ്ഥാനാര്‍ഥി തൃശൂരില്‍ ജയിക്കില്ല. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതില്‍ കോണ്‍ഗ്രസ് പരാതി അന്നുതന്നെ നല്‍കിയിരുന്നു. എന്നിട്ടും കളക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും മുരളീധരന്‍ ആരോപിച്ചു.












Click it and Unblock the Notifications