'എയിംസ് വന്നിരിക്കും, ഈ തിരഞ്ഞെടുപ്പിൽ 21 എംഎൽഎമാരെ കിട്ടിയാൽ ബിജെപി കിംഗ് മേക്കറാകും'; സുരേഷ് ഗോപി
കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ബജറ്റ് വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എയിംസുമായി ബന്ധപ്പെട്ട അവകാശവാദം സുരേഷ് ഗോപി ആവര്‍ത്തിച്ചത്. ബജറ്റിന് ശേഷം എയിംസ് പ്രഖ്യാപനം ഇല്ലാത്തതിനാല്‍ സുരേഷ് ഗോപി വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
'' 2016ലെ ബജറ്റില്‍ എയിംസ് പ്രഖ്യാപിച്ചിരുന്നു. അതിന് കേരളമെന്ത് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചാല്‍ ഇതെല്ലാം ക്ലിയറാകും. നാല് സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കണം. അത് വികസിപ്പിക്കാന്‍ പറ്റുന്നതാകണം. അങ്ങനെ ചില മാനദണ്ഡങ്ങളുണ്ട്. സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ മതി.
കശ്മീരില്‍ പോലും ഇങ്ങനെയാണ് സംഭവിച്ചത്. സര്‍ക്കാരിന്റെ ഭാഗമായ ഗവര്‍ണര്‍ സ്ഥലം കണ്ടെത്തി നല്‍കി. അവിടെ എയിംസിന്റെ പണി ആരംഭിച്ച് കഴിഞ്ഞു. ആലപ്പുഴയില്‍ എയിംസ് വരണം എന്നുളളത് 2015 മുതലുളള തന്റെ നിലപാടാണ്. അന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതാണ് ആലപ്പുഴയെ പോലെ അധപതിച്ച് കിടക്കുന്ന ജില്ലയില്‍ എയിംസ് കൊടുക്കണം എന്നത്.

ആലപ്പുഴ സംസ്ഥാനത്തിന്റെ അറ്റത്തല്ല കിടക്കുന്നത്. ആലപ്പുഴയില്‍ ഇവര്‍ സ്ഥലം തരില്ലെങ്കില്‍ തൃശൂരിലാണ് എയിംസ് വരേണ്ടത്. അതാണ് പറഞ്ഞത്. താന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ല. കേരളത്തില്‍ എയിംസ് വരും എന്ന് പറഞ്ഞിരുന്നു. പക്ഷേ 2026ല്‍ വരുമെന്ന് പറഞ്ഞിരുന്നോ എന്ന് ചോദിച്ച സുരേഷ് ഗോപി 2027ലോ 2028ലോ എയിംസ് വരുമെന്നും പറഞ്ഞു.
എയിംസ് വരും മറ്റേ മോനേ എന്ന് പറഞ്ഞതിനെ കുറിച്ചും സുരേഷ് ഗോപി വിശദീകരിച്ചു. മറ്റേ മോനേ എന്നല്ല താന്‍ ഉദ്ദേശിച്ചത് എന്നും മറ്റേ മകന്‍ എന്നാണ് ഉദ്ദേശിച്ചത് എന്നും വിമര്‍ശനം ഉന്നയിച്ച ആളുടെ പേര് പറയാന്‍ തോന്നാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്'' എന്നും സുരേഷ് ഗോപി പറഞ്ഞു.
2026ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്നും ബിജെപി പറഞ്ഞു. നിയമസഭയില്‍ ബിജെപിക്ക് 21 എംഎല്‍എമാര്‍ വന്നാല്‍ തങ്ങള്‍ കിംഗ് മേക്കറാകും. ഇവര്‍ യഥാര്‍ത്ഥ വോട്ടര്‍മാരുടെ തണ്ടെല്ലിന്റെ ബലമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും തന്നെ 5 വര്‍ഷത്തേക്ക് തിരഞ്ഞെടുത്തതാണെന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications