സുരേഷ് ഗോപി നടന്‍ ആണെന്ന് കരുതാം; സദാനന്ദന്‍ ആരാ? അധാര്‍മികം എന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നാമനിര്‍ദേശം ചെയ്തത് അധാര്‍മികം എന്ന് രമേശ് ചെന്നിത്തല. രാജ്യസഭയിലേക്ക് ഇന്ന് രാഷ്ട്രപതി നിര്‍ദേശിച്ച നാലില്‍ ഒരാളാണ് സദാനന്ദന്‍. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യസഭാ എംപി എന്ന പദവി കൂടി ലഭിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളുടെ ഇരകളില്‍ ഒരാളാണ് സദാനന്ദന്‍. സിപിഎം-ആര്‍എസ്എസ് പോര് ശക്തമായിരുന്ന കാലത്താണ് സദാനന്ദന് നേരെ ആക്രമണമുണ്ടായതും അദ്ദേഹത്തിന് കാലുകള്‍ നഷ്ടമായതും. തൊട്ടുപിന്നാലെ എസ്എഫ്‌ഐ നേതാവ് കെവി സുധീഷ് കൊല്ലപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ മുന്നിലിട്ടാണ് സുധീഷിനെ കൊലപ്പെടുത്തിയത് എന്നതും ചരിത്രം.

1994ലായിരുന്നു സദാനന്ദന്‍ മാസ്റ്റര്‍ക്കെതിരെ ആക്രമണമുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ആയിരുന്നു അദ്ദേഹം. വീട്ടിലേക്ക് പോകുന്നതിനിടെ ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. തനിക്കെതിരായ ആക്രമണം നടന്നില്ലെങ്കില്‍ കെവി സുധീഷ് കൊല്ലപ്പെടില്ലായിരുന്നു എന്ന് സദാനന്ദന്‍ പിന്നീട് പറഞ്ഞിരുന്നു.
ബിജെപി നേതാവ് എന്നതിനേക്കാള്‍ ആര്‍എസ്എസ് നേതാവ് എന്ന നിലയിലാണ് സദാനന്ദന്‍ അറിയപ്പെടുന്നത്. 2016ല്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടിയിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രചാരണത്തിന് എത്തുകയും ചെയ്തു. ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ് സദാനന്ദന്‍.
ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിലൂടെ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് ബിജെപി. രാഷ്ട്രീയ അക്രമങ്ങളുടെ ഇര എന്ന നിലയിലാണ് സദാനന്ദനെ ബിജെപി പരിചയപ്പെടുത്തുന്നത്. പാര്‍ട്ടിയിലെ സൗമ്യ മുഖമായിട്ടാണ് സദാനന്ദന്‍ അറിയപ്പെടുന്നത്. മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ പോലും കടുത്ത ഭാഷയില്‍ സംസാരിക്കുന്ന പതിവ് അദ്ദേഹത്തിനില്ല എന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത രാഷ്ട്രപതിയുടെ നടപടി അധാര്‍മികമാണ് എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യം നേടിയവരെയും കഴിവ് തെളിയിച്ചവരെയുമാണ് രാജ്യസഭയിലേക്ക് നിര്‍ദേശിക്കുക. സച്ചിന്‍ തെണ്ടുല്‍ക്കറെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ചെന്നിത്തല, സുരേഷ് ഗോപിയെ നിര്‍ദേശിച്ചതു സിനിമാ നടന്‍ എന്ന നിലയില്‍ കാണാമെന്നും സദാനന്ദന്‍ അങ്ങനെ അല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ബിജെപി പ്രവര്‍ത്തകനെയാണ് രാജ്യസഭയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളവരെ നിര്‍ദേശിക്കുക എന്നതാണ് ഇന്നുവരെയുള്ള കീഴ്‌വഴക്കം. ഒന്നുമല്ലാത്ത, ഒരു ബിജെപി പ്രവര്‍ത്തകനെ നിര്‍ദേശിച്ചത് അധാര്‍മികമാണ്. ഇത്തരം ചരിത്രം ഇന്ത്യയില്‍ ഇല്ല എന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications