'സുരേഷിനെപ്പോലെയുള്ള മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു';പിന്തുണച്ച് മേജർ രവിയും ജോയ് മാത്യുവും
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് കൂടുതൽ സിനിമാ താരങ്ങൾ. മേജർ രവി, ജോയ് മാത്യു തുടങ്ങിയവരാണ് താരത്തെ സുരേഷ് ഗോപിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടത്. സുരേഷ് ഗോപിയെ പോലൊരാളെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് മേജർ രവി കുറിച്ചു. സുരേഷ് ഗോപി എത്തരക്കാരനാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.
മേജർ രവിയുടെ കുറിപ്പ്-'സുരേഷ് ഗോപി, ശരിയാണ് വളരെ വൃത്തികെട്ടവൻ..പിതൃ തുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ. അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ആൾ. തൻറെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്.... അയ്യേ ആള് ശരിയല്ല.

നാട്ടുകാരെ ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്ത പേരുകളും ഇതിൻറെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി... പിന്നെ നിരങ്ങി.... നിങ്ങൾ ഒന്നു മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിൻറെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു.
എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവദം ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!? കഷ്ടം.. ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു... നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്... ആ കൂട്ടത്തിൽ കുറെ നാഷണൽ സെക്യൂരിറ്റിയെ ബാധിക്കുന്ന ന്യൂസുകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്കാരം ജയ്ഹിന്ദ്'.
ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം-
"സന്ദേശം "സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു . ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.
'എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക !
ഇതിനപ്പുറം ഒന്നുമില്ല." സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം.
പക്ഷെ വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്.
അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് .
(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു ).












Click it and Unblock the Notifications