സുരേഷ് ഗോപി ബന്ധപ്പെട്ടു; ചർച്ച് ബില്ല് കൊണ്ടുവരാന്‍ തന്നെയാണ് നീക്കം: വെളിപ്പെടുത്തലുമായി ഷൈജു ആന്റണി
കൊച്ചി: വഖഫ് നിയമഭേദഗതി ബില്ല് നിയമമായി മാറിയതിന് പിന്നാലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ചർച്ച് ബില്ല് സംബന്ധിച്ച ചർച്ചകളും രാജ്യത്ത് സജീവമായിരിക്കുകയാണ്. ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ്സൈറ്റിലൂടെ പുറത്തുവന്ന ലേഖനം നിമിഷ നേരങ്ങള്‍കൊണ്ട് പിന്‍വലിച്ചെങ്കിലും അണിയറ നീക്കങ്ങള്‍ ശക്തമാണെന്നാണ് ആരോപണം.
ചർച്ച് ആക്ട് ബില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി താനുമായി സംസാരിച്ചിരുന്നുവെന്ന് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി വ്യക്തമാക്കി. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബി ജെ പി നേതാക്കള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹേം.

ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കാന്‍ സാധിക്കുമോ? അത് നടപ്പിലാക്കുന്നത് എങ്ങനെ?, അതിന്റെ സങ്കീര്‍ണതകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ജെ ബി കോശി കമ്മീഷനോട് സുരേഷ് ഗോപി ചോദിച്ച് മനസിലാക്കിയതായാണ് അറിയുന്നത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചര്‍ച്ചുകളെ കൂടി കണ്‍ട്രോള്‍ ചെയ്യുന്ന ഒരു നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞതാണെന്നും ഷൈജു ആന്റണി വ്യക്തമാക്കി.
ഓർഗനൈസർ എഴുതിയ ലേഖനം പിൻവലിച്ചു എന്നത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം ആ ലേഖനവും അതിലെ ഉള്ളടക്കവും ഇതിനോടകം തന്നെ ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ ചർച്ചയായിക്കഴിഞ്ഞു. ലവ് ജിഹാദ് എന്ന വിഷയം ഏതാനും വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ ആകസ്മികമായി വന്നതു പോലത്തെ ഒരു വിഷയമായിരുന്നു.
ഏതാനും വർഷങ്ങൾക്ക് ശേഷം അത് സമൂഹത്തിലെ ഒരു പ്രധാന വിഷയമാക്കി മാറ്റാൻ അതിന്റെ ഉപജ്ഞാതാക്കൾക്ക് കഴിഞ്ഞു. അതു പോലെ തന്നെ കത്തോലിക്ക സഭയുടെ സ്വത്തുക്കൾ ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ ഒരു നിരന്തര ചർച്ചയായി മാറുന്ന കാലം വിദൂരമല്ല. മണിപ്പൂരിലെ കലാപത്തിൽ ഇതിന്റെ സൂചനകൾ ലഭ്യമാണ്. അതിനാൽ തന്നെ പിൻവലിക്കപ്പെട്ട ഓർഗനൈസർ ലേഖനത്തിന്റെ ഉള്ളടക്കം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
'ഈ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 20,000 കോടി രൂപ വരും, ഇത് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ സഭയെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നു. 2012 ലെ കണക്കനുസരിച്ച്, കത്തോലിക്കാ സഭയ്ക്ക് 2457 ആശുപത്രി ഡിസ്പെൻസറികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, 5 എഞ്ചിനീയറിംഗ് കോളേജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ എന്നിവ രാജ്യത്ത് വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിലായി ഉണ്ട്. ബ്രിട്ടീഷ് ഭരണകാലത്താണ് അതിന്റെ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തത്. 1927 ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് ആക്ട് പാസാക്കി, ഇത് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി ഗ്രാന്റുകൾക്ക് സൗകര്യമൊരുക്കി' എന്ന് ലേഖനത്തില്‍ പറയുന്നു.
വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിൽ അവർ രൂപപ്പെടുത്തി എടുത്ത ഒരു കണക്കാണിത്. ഇത്തരമൊരു കണക്ക് സി ബി സി ഐയുടെ കയ്യിൽ പോലും ഉണ്ടാവില്ല. അവർ അങ്ങിനെ ഒരു പഠനം നടത്തിക്കാണാൻ ഇടയില്ല. ഈ കണക്കുകൾ ശരിയാവണമെന്നുമില്ല. ഡിസ്പൻസറികളും നഴ്സറി സ്കൂളുകളും വരെ കണക്കുകളിൽ ഇടം പിടിച്ചു എന്നത് അത്ഭുതകരമാണ്. കത്തോലിക്ക സഭയുടെ കീഴിലുള്ള കക്കൂസുകളുടെ എണ്ണം എടുത്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
സുരേഷ്ഗോപി തൃശൂരിൽ ഇക്കുറി മൽസരിക്കുന്നതിന് മുമ്പ് ചർച്ച് ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ച് ഏതാനും കെ സി ആർ എം വക്താക്കളുമായി ചർച്ച നടത്തിയിരുന്നു. ജെ. ബി. കോശി കമ്മീഷനുമായി സംസാരിച്ചിരുന്നു. ഏകീകൃത സിവിൽ കോഡിന്റെ ഭാഗമായി കത്തോലിക്കസഭയുടെ സ്വത്തുക്കൾ കേന്ദ്ര സർക്കാർ നിയന്ത്രിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പലരോടും സംസാരിച്ചിരുന്നു. എന്നു വച്ചാൽ രണ്ടാം മോദി സർക്കാർ വരുന്നതിന് മുന്നേ കത്തോലിക്ക സഭയുടെ സ്വത്തുക്കളെ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിരുന്നു എന്നർത്ഥം.
അത്തരം പഠനങ്ങളിൽ നിന്ന് അവർക്ക് ഒരു കാര്യം വ്യക്തമായി. ചർച്ച് ആക്ട് അഥവാ ചർച്ച് ബിൽ എന്നത് ദുർബലമായ ഒരു ബില്ല് മാത്രമാണെന്നും അത് ഏതാനും ഇടവകകളുടെ സ്വത്തിൻ മേൽ ജനാധിപത്യപരമായ ചില ഭരണസംവിധാനങ്ങൾ കൊണ്ടു വരും എന്നതിനപ്പുറം ഒന്നും ചെയ്യില്ല എന്നും അവർ തിരിച്ചറിഞ്ഞു. കത്തോലിക്ക സഭയുടെ സ്വത്തുക്കളിൽ ഏറിയ പങ്കും വിവിധ കോൺഗ്രിഗേഷനുകളുടെ കയ്യിലും, സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണെന്നും ഷൈജു ആന്റണി പറയുന്നു.
അതിനാൽ തന്നെ ചർച്ച് ബില്ലിനേക്കാൾ ചർച്ച് ബോർഡാണ് നല്ലത് എന്ന തീരുമാനമുണ്ടായാൽ അത്ഭുതപ്പെടാനില്ല. അതിനുളള കണക്കെടുപ്പാണ് അവർ നടത്തിയത് എന്ന് വ്യക്തം. വഖഫ് ബോർഡ് പോലെ ഒരു സംവിധാനം (സർക്കാരിനാൽ നിയന്ത്രിക്കപ്പെടുന്ന, വിവിധ സമുദായ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സംവിധാനം) ഭാവിയിൽ കത്തോലിക്ക സഭയുടെ സ്വത്തുക്കൾ നിയന്ത്രിക്കാൻ എന്ന വ്യാജേന വന്നേക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം.
അതിനുള്ള ആദ്യപടിയായി സഭാസംവിധാനങ്ങളുടെ പേരിലുള്ള അനേകം എഫ് സി ആർ എ അക്കണ്ടുകൾ മരവിപ്പിച്ചിരുന്നു. ആ അക്കൗണ്ടുകൾ ശരിയാക്കിത്തരണമെന്ന് യാചിച്ച് ബിഷപ്പുമാർ ബി ജെ പി നേതാക്കളുടെ കാലു പിടിച്ചു. ഏതാനും കളങ്കിത മെത്രാൻമാർക്ക് വേണ്ടി മെത്രാൻ ഐക്യം എന്ന വ്യാജേന ഒരു സഭയെ മൊത്തം അടിയറവു വക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചർച്ച് ബിൽ എന്നതിനപ്പുറം എന്തെങ്കിലും സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലും കെല്പുള്ള ബിഷപ്പുമാർ സീറോമലബാർ സഭയിലില്ലാതായിരിക്കുന്നു. കാതലായ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പഠിക്കാൻ കഴിയുന്ന ഒരു സിനഡ് സംവിധാനം ഇന്നില്ല. തികച്ചും വൈകാരികമായ ചില പ്രസംഗങ്ങളും പ്രസ്താവനകളും നടത്തി സായുജ്യമടയുന്ന ചില മെത്രാൻമാർ ഇന്ന് സിനഡിനെ നിയന്ത്രിക്കുന്നു.
നിലവിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ച് ജ്ഞാനമില്ലാത്ത ഏതാനും ബിഷപ്പുമാരാൽ നയിക്കപ്പെടുന്ന ദുർബലമായ ഒരു സംവിധാനം മാത്രമായി കത്തോലിക്കാ സഭകൾ അധപതിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ തന്നെ സഭാ സ്വത്തുക്കൾ നിയന്ത്രിക്കാൻ ഉതകുന്ന ഒരു സർക്കാർ സംവിധാനം രൂപപ്പെട്ടാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സഭ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു. എന്നാൽ അത് എന്തു രാഷ്ട്രീയമായിരിക്കണം എന്നതിൽ വ്യക്തത വേണം. സഭ പിന്തുടരേണ്ടത് ക്രിസ്തുവിന്റെ രാഷ്ട്രീയമാണ്. അതാകട്ടെ അധികാരത്തോട് സമരസപ്പെട്ട് അടിമവൽക്കരണത്തിന് തലകുനിച്ചു കൊടുക്കുന്ന രാഷ്ട്രീയമായിരുന്നില്ല. തന്റെ നിലപാടുകൾക്ക് വേണ്ടി കുരിശുമരണത്തിന് തയ്യാറായവന്റെ രാഷ്ട്രീയം പിന്തുടരുക എന്നത് അത്ര എളുപ്പമല്ല. "നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്‌ഷത്താണ്." മര്‍ക്കോസ് 9 : 40 ഇതാണ് ക്രിസ്തുവചനം. ആരാണ് നമുക്ക് എതിരല്ലാത്തവൻ എന്നത് കണ്ടു പിടിക്കൽ ഒരു പ്രശ്നമാണ്. ശരിയായ രീതിയിൽ അതു കണ്ടുപിടിച്ചില്ലെങ്കിൽ നാമറിയാതെ നമ്മൾ എതിർപക്ഷത്തായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അധികാര വർഗം ഉയർത്തിയ നീതി വിരുദ്ധമായ നിയമങ്ങളെ തച്ചുടച്ചു മുന്നേറിയവന്റെ പേരാണ് ക്രിസ്തു. വിജാതീയനു വേണ്ടിയാണ് പലപ്പോഴും അവൻ നീയമങ്ങൾ ലംഘിച്ചത്. ബദ് സെയ്ദാ കുളക്കരയിലെ തളർവാതരോഗി പോലും വിജാതീയനായിരുന്നു. നീതിക്കു വേണ്ടി വിശക്കാനും ദാഹിക്കാനും പീഡനമേൽക്കാതും ആവശ്യപ്പെട്ടവനാണവൻ.
അങ്ങിനെയെങ്കിൽ സഭ തുടങ്ങുന്ന രാഷ്ട്രീയത്തിന്റെ മൂലക്കല്ല സാമൂഹ്യ നീതി ആയിരിക്കണം. നീതിബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ബിഷപ്പുമാർക്ക് അതിന് സാധിക്കുമെന്നു തോന്നുന്നില്ല. വിലപേശലും അഡ്ജസ്റ്റ്മെന്റുകളും മാത്രമാണ് ലക്ഷ്യമെങ്കിൽ സഭ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. ഇവിടെ അത് ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ധാരാളമുണ്ടെന്നും ഷൈജു ആന്റണി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications