സുരേഷ് ഗോപിയുടെ കിരീടം തനി തങ്കമോ സ്വർണം പൂശിയതോ? പരിശോധനയുണ്ടോ? പള്ളി ട്രസ്റ്റ് പറയുന്നു
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വർണ കിരീടത്തിന്റെ പേരില്‍ വലിയ വിവാദങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളികള്‍ ഇത് സുരേഷ് ഗോപിക്കെതിരെ പ്രചാരണ ആയുധമാക്കുകയും ചെയ്യുന്നു.
മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായി ജനുവരി 15നാണ് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി സുരേഷ് ഗോപി മാതാവിന് കിരീടം സമര്‍പ്പിച്ചത്. അഭ്യൂഹങ്ങള്‍ ഉയർന്നതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കിരീടത്തിലെ സ്വർണത്തിലെ അളവ് പരിശോധിക്കുന്നതിലേക്ക് പള്ളി അധികൃതർ പോകില്ലെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് പരിശോധിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് തൃശ്ശൂരിലെ ഔർ ലേഡി ഓഫ് ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ട്രസ്റ്റ് അംഗത്തെ ഉദ്ധരിച്ചുകൊണ്ട് ഓണ്‍മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ട്രസ്റ്റിൻ്റെ കാലത്ത് ലഭിച്ച സ്വത്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് യോഗത്തില്‍ ചർച്ചയായതെന്നും ട്രസ്റ്റ് അംഗം ഓൺമനോരമയോട് പറഞ്ഞു. ഇത്തരമൊരു വാർത്ത എങ്ങനെയാണ് പുറത്തുവന്ന് വിവാദമായതെന്ന് ഞങ്ങൾക്ക് അറിയില്ല. കിരീടത്തിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇത് ഒരു ഭക്തൻ പള്ളിക്ക് നൽകിയ നേർച്ചയാണ്, ഞങ്ങൾ അത് പരിശോധിക്കാൻ ആരുമല്ലെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകത്ത് ട്രസ്റ്റ് അംഗം പറഞ്ഞു.
അതിൻ്റെ മൂല്യമോ പരിശുദ്ധിയോ പരിശോധിക്കുന്നില്ല. മുൻകാലങ്ങളിലും, ട്രസ്റ്റ് ഏതെങ്കിലും വഴിപാടുകളുടെ ശുദ്ധതയോ മൂല്യമോ പരിശോധിച്ചിട്ടില്ല. ഞങ്ങളുടെ അസറ്റ് രജിസ്ട്രിയിൽ ഇത്തരനം നേർച്ച വസ്തുക്കള്‍ ശരിയായി രേഖപ്പെടുത്തുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അത്തരം വിവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ട്രസ്റ്റ് അതിൻ്റെ ചുമതലകളും അധികാരങ്ങളും ഇടവക തിരഞ്ഞെടുത്ത അടുത്ത ട്രസ്റ്റിന് കൈമാറുമ്പോഴെല്ലാം, പള്ളിയിൽ ലഭിക്കുന്ന സ്വത്തുക്കളുടെയും വഴിപാടുകളുടെയും മൂല്യം കണക്കാകി രജിസ്ട്രിയും കൈമാറുന്നത് പതിവാണ്. എന്നാല്‍ ഞങ്ങൾ ഒരിക്കലും വഴിപാടുകളുടെ മൂല്യം പരിശോധിക്കില്ല.
ഞായറാഴ്ച നടന്ന യോഗത്തിൽ കിരീടത്തെക്കുറിച്ച് ചില ചർച്ചകൾ നടന്നുവെന്നത് സത്യമാണ്. ഫാ. ഡേവിസ് പുലിക്കോട്ടിൽ സഭയുടെ നിലപാട് അവിടെത്തന്നെ വ്യക്തമായി വിശദീകരിച്ചു. കിരീടത്തിൻ്റെ പരിശുദ്ധി പരിശോധിക്കാൻ സഭ അഞ്ചംഗ സമിതിക്ക് രൂപം നൽകിയെന്ന വാർത്ത തെറ്റാണെന്ന് പള്ളിയുമായി ബന്ധപ്പെട് വൃത്തങ്ങൾ പറയുന്നു.
വിഷയം വിവാദമാക്കരുതെന്ന് പൊതുജനങ്ങളോടും പ്രത്യേകിച്ച് നെറ്റിസൺമാരോടും അഭ്യർത്ഥിച്ച അധികാരികൾ, സഭ എപ്പോഴും ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നും പറഞ്ഞു. പള്ളികൾ സാധാരണഗതിയിൽ, സഭയ്‌ക്കോ അല്ലെങ്കിൽ ഏതെങ്കിലും പൊതുകാര്യങ്ങൾക്കോ വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി വഴിപാടുകളായി ലഭിക്കുന്ന വിറ്റഴിക്കാവുന്ന ആസ്തികൾ വിൽക്കുകയോ ലേലം ചെയ്യുകയോ ചെയ്യാറുമുണ്ട്.












Click it and Unblock the Notifications