സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിയുമോ? കടുത്ത അതൃപ്തി, സിനിമയ്ക്കായി ഒഴിവാക്കണമെന്ന്
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മിന്നും വിജയം നേടിയതോടെ തന്നെ സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തൃശൂരില്‍ ശക്തവുമായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി ഒരു ലോക്സഭ സീറ്റില്‍ വിജയിക്കുന്ന ബി ജെ പി നേതാവെന്ന റെക്കോർഡ് സുരേഷ് ഗോപി സ്വന്തം പേരില്‍ കുറിച്ചു.
സുരേഷ് ഗോപിയെ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് സഹമന്ത്രി സ്ഥാനമാണ്. സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനം പോലുമല്ല ലഭിച്ചത്. ഇതോടെ സുരേഷ ഗോപിക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തൃശൂരിലെ മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഒടുവില്‍ ബി ജെ പി നേതൃത്വത്തിന്റെ സമ്മർദത്തിന് സുരേഷ് ഗോപി വഴങ്ങുകയായിരുന്നു. അതേസമയം സിനിമയില്‍ തുടർന്നും അഭിനയിക്കാനുള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്ന് ബി ജെ പി നേതൃത്വവും അനൌദ്യോഗികമായി വിശദീകരണം നല്‍കുന്നു.
സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായുള്ള റിപ്പോർട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്ന കാര്യം തന്നെയാണ് എംപി നേതാക്കളെ അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ദേശീയ നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിച്ചേക്കും.
കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാടെന്ന് സുരേഷ് ഗോപി മനോരമ ന്യൂസിനോട് വ്യക്തമാക്കിയിട്ടുണ്ട്. താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ.എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. ഈ സാഹചര്യത്തില്‍ ക്യാബിനറ്റ് മന്ത്രിപദവി അദ്ദേഹത്തിന് ഉറപ്പിച്ചെന്ന തരത്തിലായിരുന്നു കേരളത്തിലെ പ്രചരണം. സഹമന്ത്രി സ്ഥാനം മാത്രമാണ് ലഭിക്കുന്നതെന്ന് മനസ്സിലാക്കിയതോടെയാണോ മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തുടക്കത്തില്‍ വിമുഖത കാട്ടിയതെന്ന സംശയവും ഇതോടെ ശക്തമായി.
സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നും കിട്ടിയ പിന്തുണ നിർണ്ണായകമായിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോർജ് കുര്യന് നല്‍കിയ മന്ത്രി സ്ഥാനം. വകുപ്പ് വിഭജനത്തില്‍ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പിലെ സഹമന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോർജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.












Click it and Unblock the Notifications