എയിംസ് വരില്ലെന്ന് അന്നേ പറഞ്ഞതാണ്; 'മറ്റേ മോന്‍' ഞാനായിരിക്കാം: മറുപടി ജനങ്ങള്‍ പറഞ്ഞുകഴിഞ്ഞു
കൊച്ചി: കേരളത്തില്‍ എയിംസ് വരുമെന്ന അവകാശവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ മറ്റേ മോനെ എന്ന അധിക്ഷേപ പ്രയോഗം വലിയ വിവാദമായിരുന്നു. തൃപ്പൂണിത്തുറയില്‍ ബിജെപി നടത്തിയ പരിപാടിയിലായിരുന്നു സുരേഷ് ഗോപി എംപിയുടെ അധിക്ഷേപ പരാമര്‍ശം ഉണ്ടായത്. ഇതിനെചൊല്ലി വലിയ രാഷ്ട്രീയ വിവാദമാണ് പിന്നീട് ഉണ്ടായത്. നിരവധി മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാതിരുന്നതോടു കൂടി വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടി. എയിംസ് എവിടെ മറ്റേ മോനെ എന്ന രീതിയില്‍ സുരേഷ് ഗോപിക്കെതിരെ വലിയ സൈബര്‍ ആക്രമണവും നടന്നു.
സുരേഷ് ഗോപിയുടെ മറ്റേ മോനെ എന്ന പ്രയോഗം ഗണേഷ് കുമാറിനെ ലക്ഷ്യമിട്ടാണെന്നും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ പ്രയോഗത്തില്‍ ഗണേഷ് കുമാര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. സുരേഷ് ഗോപി മറ്റേ മോനെ എന്ന് വിളിച്ചത് തന്നെയാകാം എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. എയിംസ് വരില്ലെന്ന് താന്‍ പറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍: മറ്റേ മോന്‍ ഞാനായിരിക്കാം. തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോള്‍ എയിംസ് ഒന്നും വരികേല എന്ന് ഞാന്‍ പറഞ്ഞിരുന്നു. സംഭവം ഞാന്‍ പറഞ്ഞതല്ലേ കറക്റ്റ് ആയത്. സുരേഷ് ഗോപിക്കുള്ള മറുപടി ഞാനല്ല പറഞ്ഞത്. എയിംസ് വന്നില്ല മറ്റേ മോനെ എന്നാണ് ജനങ്ങള്‍ പറഞ്ഞത്. ഞാനൊരു മറുപടിയും പറഞ്ഞില്ല. കുറേക്കാലമായി എയിംസിന്റെ പേര് പറഞ്ഞു കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്. അതുകൊണ്ട് എയിംസ് വരില്ല എന്ന് അന്നേ പറഞ്ഞു. അദ്ദേഹത്തിന് രീതികള്‍ അനുസരിച്ച് അദ്ദേഹം പറയട്ടെ. അതിനൊന്നും എനിക്ക് പരാതിയില്ല.
മറ്റേ മോനെ പ്രയോഗം വിവാദമായതോടെ ഇതിന് വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ആളുകള്‍ വ്യാഖ്യാനിച്ചതല്ല താന്‍ ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമങ്ങളാണ് ഈ പ്രയോഗം വളച്ചൊടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരേഷ് ഗോപി മറ്റേ മോനെ എന്നല്ല പൊന്നു മോനെ എന്നാണ് ഉദ്ദേശിച്ചത് എന്നാണ് സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ഈ പ്രയോഗത്തിന്റെ പേരില്‍ സുരേഷ് ഗോപിക്കെതിരേ വലിയ രീതിയിലുള്ള ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.












Click it and Unblock the Notifications