'സവർണനെ രാഷ്ട്രപതിയാക്കിയിട്ട് എത്ര കാലമായി, സുരേഷ് ഗോപി രാഷ്ട്രപതിയാകാം', തുറന്ന് പറഞ്ഞ് നടൻ സന്തോഷ്
സുരേഷ് ഗോപി ഇന്ത്യയുടെ രാഷ്ട്രപതി ആയേക്കാമെന്ന് നടൻ സന്തോഷ് കെ നായർ. തെക്കേ ഇന്ത്യയിൽ നിന്ന് ഒരു രാഷ്ട്രപതി വന്നിട്ട് കുറേ കാലമായെന്നും സന്തോഷ്. കേരളത്തിലെ ബിജെപി നേതൃത്വത്തോട് വിയോജിപ്പുണ്ട്. നല്ലൊരു നേതാവ് ബിജെപിക്ക് ഇല്ലെന്നും ഹാൻസ് വായിലിട്ട് ശബരിമലയിൽ പോയവരെ പോലുളള നേതാവാണ് ഉളളതെന്നും സന്തോഷ് കെ നായർ തുറന്നടിച്ചു. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സന്തോഷ് കെ നായരുടെ വാക്കുകൾ: സുരേഷ് ഗോപി തന്റെ ബന്ധു കൂടിയാണ്. ആദ്യം അദ്ദേഹത്തെ കാണുന്നത് ലൊക്കേഷനില്‍ വെച്ചാണ്. യുവജനോത്സവത്തിലാണ് കാണുന്നത്. അതില്‍ സുരേഷ് ഗോപിയെ പിടിച്ചിടിക്കുന്നുണ്ട്. അടുത്ത പടം മുതല്‍ പുളളി തന്നെ ഇടിക്കാന്‍ തുടങ്ങി. സുരേഷ് ഗോപി പാവമാണോ എന്ന് ചോദിച്ചാല്‍, പാവം അല്ലാത്ത ആരാണുളളത്. രാജവെമ്പാലയെ എടുത്ത് പിടിച്ച് കളിക്കുന്നത്, പാമ്പ് പാവമായത് കൊണ്ടാണോ അതിന് വിഷം ഇല്ലാത്തത് കൊണ്ടോ ദേഷ്യം ഇല്ലാത്തത് കൊണ്ടോ ആണോ. ഒരെണ്ണത്തിനെ കൊണ്ട് നടക്കുന്നത് പോലെയാണ്.

ഞങ്ങള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസമില്ല. സുരേഷ് എന്ന് തന്നെയാണ് താന്‍ വിളിക്കുന്നത്. മുന്‍ മന്ത്രിയായിരുന്ന എംപി ഗോവിന്ദന്‍ നായര്‍ തന്റെ വല്യച്ഛനാണ്, സുരേഷിന്റെ വല്യമ്മാവനും. അതാണ് ബന്ധം. ഇപ്പോള്‍ കേന്ദ്രമന്ത്രിയായി, ഇനി പ്രസിഡണ്ട് ആവില്ലെന്ന് ആര്‍ക്കറിയാം. അങ്ങനെയും കാണാം. ഒരു പ്രാവശ്യം കൂടി മന്ത്രിയായാല്‍ അടുത്തത് ഇന്ത്യന്‍ പ്രസിഡണ്ടായും വരാം. പ്രവചനം ഒന്നും അല്ല. സംഭവിക്കാം. തെക്കേ ഇന്ത്യയില്‍ നിന്ന് ഒരു രാഷ്ട്രപതി വന്നിട്ട് ഒരുപാട് കാലമായി.
അവര്‍ണനെ രാഷ്ട്രപതിയാക്കുന്നില്ല എന്നൊക്കെ പറഞ്ഞാണല്ലോ എല്ലാവരും കരയുന്നത്. സവര്‍ണനെ പ്രസിഡണ്ട് ആക്കിയിട്ട് എത്ര കാലമായി. എന്നാല്‍ എനിക്ക് ആവശ്യപ്പെട്ട് കൂടെ. ഞാനൊക്കെ ആണെങ്കില്‍ ഒരുപാട് വ്യത്യാസം വരും. ഇങ്ങനെയൊന്നും ആവില്ല. ആനുകൂല്യങ്ങളൊക്കെ പ്രശ്‌നമാകും. ആനുകൂല്യങ്ങള്‍ കൊടുക്കുന്ന രാജ്യങ്ങളൊന്നും ഒരിക്കലും നന്നാവില്ല. വികസിത രാജ്യങ്ങളെടുത്ത് നോക്കിയാല്‍ മതി.
ആദ്യകാലത്ത് സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഒരിക്കല്‍ പോയതാണ്. പിന്നെ അത് വെട്ടിപ്പോയി. ചോദിച്ചാല്‍ പേര് വന്നില്ല എന്നേ അവര്‍ പറയൂ. ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. പിന്നെയും അവര്‍ വിളിച്ച് വരണം, പ്രവര്‍ത്തനമുണ്ട് എന്ന് പറയും. ഇവര്‍ എവിടെയെങ്കിലും കറങ്ങിയിട്ട് 3-4 മണിക്കൂര്‍ കഴിഞ്ഞ് വരുമ്പോള്‍ അതുവരെ സ്‌റ്റേജിനെ പിടിച്ച് നിര്‍ത്താന്‍ ഒരു സിനിമാക്കാരന്‍ വേണം.
സാധാരണ സിനിമാക്കാര്‍ നന്ദി, നമസ്‌കാരം പറയുന്നയിടത്ത് താന്‍ അവിടെ നിന്ന് പ്രസംഗിക്കും. തൃശൂരില്‍ അനീഷിന് വേണ്ടി പ്രസംഗിച്ചുണ്ട്. ഒരു കാര്യവും ഇല്ലാതെ എസി മൊയ്തീന് എതിരെ ചുമ്മാ ഓരോന്ന് വിളിച്ച് പറഞ്ഞു. അവസാനം മന്ത്രിയായപ്പോള്‍ എനിക്കൊരു കാര്യം നടത്തി തന്നത് മൊയ്തീന്‍ ആയിരുന്നു.
ഇവിടെ ബിജെപിയില്‍ എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല എന്ന് ചോദിച്ചാല്‍, പാര്‍ട്ടിക്കൊരു നല്ല നേതാവ് ഉണ്ടാവണം.. കേരളത്തില്‍ നല്ല നേതാവില്ല. ആരാണുളളത്. ഓരോ ദിവസവും ഓരോ കുറ്റം ഉന്നയിക്കുന്ന ഒരാളാണോ. ഇന്നിപ്പോ ഇരുന്ന് പറയും, മുഖ്യമന്ത്രി ഇന്നത് കാണിച്ചു എന്നൊരു കുറ്റം പറയും. അടുത്ത ദിവസം വേറൊന്ന് പറയുന്നു. അതിന്റെ അടുത്ത ദിവസം മറ്റൊന്ന് ഉന്നയിക്കുന്നു. ഒരു വിഷയം ഏറ്റെടുത്ത് അത് എവിടെ വരെ കൊണ്ട് പോകാം എന്ന് വേണ്ടേ. അങ്ങനെയുളള ഒരു നേതാവിനെ എന്തിനാണ് ആവശ്യം.
കെ സുരേന്ദ്രന്റെ പേര് ഞാന്‍ പറയുന്നില്ല. ഹാന്‍സ് വായിലിട്ട് ശബരിമലയില്‍ തുപ്പിയ ആളെന്ന് വേണമെങ്കില്‍ പറയാം. ഇരുമുടിക്കെട്ട് എടുത്ത് എറിഞ്ഞ ആളാണെന്നും പറയാം. ജനം കാണിച്ചില്ല, ബാക്കി എല്ലാ ചാനലുകളും കാണിച്ചു. ഇതെല്ലാവരും കണ്ട കാര്യമാണ്, താന്‍ ഉണ്ടാക്കി പറയുന്നതല്ല. കേരളത്തിലെ നേതൃത്വത്തോട് തനിക്ക് വിയോജിപ്പുണ്ട്. അല്ലെങ്കില്‍ സുരേഷ് ഗോപിയുടെ പ്രചരണത്തിന് വരേണ്ടതല്ലേ. അദ്ദേഹത്തോട് പറഞ്ഞു, ക്ഷമിക്ക് സുരേഷേ ഞാന്‍ വന്നില്ലെങ്കിലും ജയിക്കും. തന്റെ ഒരു വോട്ട് അവിടെ ഉളളതല്ലേ. താനപ്പോള്‍ കേരളത്തിന് പുറത്തായിരുന്നു. വോട്ട് ചെയ്യാന്‍ വന്നില്ല. പക്ഷേ തനിക്ക് ഒരുപാട് ഗ്രൂപ്പുകളുണ്ട്, അവരുടെയൊക്കെ വോട്ട് പിടിച്ച് കൊടുത്തിട്ടുണ്ട്''.












Click it and Unblock the Notifications