സുരേഷ് ഗോപിക്ക് രണ്ടാം കുരുക്ക്; നോട്ടീസ് നല്‍കിയേക്കും, പരാതിയുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്
തൃശൂര്‍: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നടന്‍ സുരേഷ് ഗോപിക്കെതിരെ രണ്ടാമത്തെ പരാതി. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരിക്കെയാണ് മറ്റൊരു പരാതി. പുലിപ്പല്ല് കൈവശം വച്ചു എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് കഴുത്തില്‍ അണിഞ്ഞ മാലയില്‍ പുലി നഖം ഉണ്ട് എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വേടനെതിരെ വനംവകുപ്പ് കേസെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. തമിഴ്‌നാട്ടില്‍ നടന്ന പരിപാടിയില്‍ മലേഷ്യയിലെ വ്യവസായി സമ്മാനമായി നല്‍കിയതാണ് എന്നായിരുന്നു വേടന്റെ മൊഴി.

വേടന്റെ പുലി നഖം വിവാദമായ വേളയില്‍ തന്നെയാണ് സുരേഷ് ഗോപിയുടെ മാലയില്‍ കാണുന്ന ലോക്കറ്റ് പുലിപ്പല്ല് ആണ് എന്ന ആരോപണം ഉയര്‍ന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം ഇതുസംബന്ധിച്ച് പരാതി നല്‍കി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് വനംവകുപ്പ്. മാല ധരിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രവും വാര്‍ത്തയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സുരേഷ് ഗോപി ചെയ്തിരിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് എന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്താന്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടും. തൃശൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി മറുപടി നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
പുലിപ്പല്ല് തന്നെയാണോ എന്ന് ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ പരിശോധന നടത്തും. ആണെങ്കില്‍ എവിടെ നിന്ന് കിട്ടി എന്ന ചോദ്യമുയരും. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ആവശ്യമായി വരും. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. വിദേശത്ത് നിന്ന് കൊണ്ടുവരുന്നതും തെറ്റാണ്. ഏഴ് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
പൂരം കലക്കല്‍ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
പൂരം കലക്കല്‍ കേസില്‍ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വച്ച് രഹസ്യമായിട്ടായിരുന്നുവത്രെ ചോദ്യം ചെയ്തത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് എഡിജിപി എച്ച് വെങ്കിടേഷ് പോലീസ് മേധാവിക്ക് കൈമാറും. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തുടര്‍ നടപടിയുമായി ഭാഗമായി സുരേഷ് ഗോപിയെ ചോദ്യം ചെയ്തതും വിശദമായ മൊഴി രേഖപ്പെടുത്തിയതും.
പൂരം അലങ്കോലപ്പെട്ടത് ബിജെപി പ്രവര്‍ത്തകരാണ് തന്നെ അറിയിച്ചത് എന്ന് സുരേഷ് ഗോപി മൊഴി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. രോഗികളെ കൊണ്ടുപോകാന്‍ മാത്രം അനുമതിയുള്ള ആംബുലന്‍സില്‍ പൂരം നടക്കുന്ന സ്ഥലത്തേക്ക് സുരേഷ് ഗോപി വന്നത് നേരത്തെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരേഷ് ഗോപി പൂരം നടക്കുന്ന സ്ഥലത്തെത്തുന്ന വീഡിയോകളും നേരത്തെ പ്രചരിച്ചിരുന്നു.












Click it and Unblock the Notifications